24 November, 2016 10:49:08 PM


ഐഎസ്എല്‍: ഗോവയ്ക്കെതിരായ മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ജയം




പനജി: പിയേഴ്സണ്‍ നേടിയ ഗോളില്‍ ഗോവയ്ക്കെതിരായ മല്‍സരത്തില്‍ അത്‍ലറ്റി കോ ഡി കൊല്‍ക്കത്തയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊല്‍ക്കത്തയുടെ ജയം. 19, 92 മിനിറ്റുകളിലാണ് കൊല്‍ക്കത്ത ഗോള്‍ നേടിയത്. ജയത്തോടെ 18 പോയിന്റുമായി പട്ടികയില്‍ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തെത്തി പ്ലേ ഒാഫ് സാധ്യതകള്‍ നിലനിര്‍ത്തി. പോയിന്റ് പട്ടികയില്‍ അവസാനക്കാരാണ് സീക്കോ പരിശീലിപ്പിക്കുന്ന ഗോവ.


ഇരുപത്തൊമ്പതാം മിനിറ്റില്‍ സ്പാനിഷ് താരം യുവാന്‍ ബെലെങ്കോസയാണ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചത്. റുയ്ഡിയാസിന്റെ ക്രോസ്സില്‍ ബെലെങ്കോസോ ഹെഡ്ഡ് ചെയ്യുകയായിരുന്നു. നിരവധി മികച്ച അവസരങ്ങള്‍ കൊല്‍ക്കത്തയ്ക്ക് ലഭിച്ചെങ്കിലും പലതും ഗോവന്‍ ഗോളിയുടെ മികവുകൊണ്ട് രക്ഷപ്പെടുത്തുകയായിരുന്നു.


എണ്‍പതാം മിനിറ്റില്‍ റാഫേല്‍ കൊയ് ലോയുടെ പാസില്‍ മന്ദര്‍ റാവു ദേശായിയാണ് ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്. തുടര്‍ന്ന് വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചു. പലപ്പോഴും കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്ത് ഗോവ ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍, തൊണ്ണൂറ്റി രണ്ടാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ കൊല്‍ക്കത്ത വിജയഗോള്‍ നേടി. സമീഗ് ദൗത്തി നടത്തിയ മുന്നേറ്റം സ്റ്റീഫന്‍ പിയേഴ്സണ്‍ ഗോളാക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K