24 November, 2016 11:17:38 AM


അസാധു നോട്ടുകള്‍ മാറ്റി നല്‍കുന്ന കള്ളപണ മാഫിയ സംസ്ഥാനത്ത് സജീവം



തിരുവനന്തപുരം: അസാധുവാക്കിയ നോട്ടുകള്‍ മൂല്യം കുറച്ച് മാറ്റി നല്‍കുന്ന കള്ളപണ മാഫിയ സംസ്ഥാനത്ത് സജീവം. സംസ്ഥാനത്ത് എവിടെയും 30 ശതമാനം വരെ കമ്മീഷനോടെ അസാധു നോട്ടുകള്‍ മാറ്റിനല്‍കാമെന്നാണ് ഈ മാഫിയയുടെ വാഗ്ദാനം. കള്ളപണക്കാരെ ഇടപാടുകാരുമായി ബന്ധപെടുത്തുന്നതിന് നിരവധി ഏജന്‍റുമാര്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. 


50 ലക്ഷം രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റിവാങ്ങാനുണ്ടെന്ന ആവശ്യവുമായണ് ഒരു പത്രപ്രവര്‍ത്തകന്‍ കാസര്‍കോഡ് കുമ്പള സ്വദേശിയെ സമീപിച്ചത്. നോട്ടുകള്‍ 10 ലക്ഷത്തില്‍ അധികമുണ്ടെങ്കില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലത്തുനിന്നും പോയി കൊണ്ടുവരാനുള്ള സമയം മാത്രം നല്‍കിയാല്‍ മതിയെന്ന് ഇയാള്‍ പറഞ്ഞു. രണ്ടായിരം രൂപയുടെ നോട്ട് നല്‍കാമെന്നും പഴയ നോട്ടുമായി സ്ഥലത്തെത്തിയിട്ട് വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. പത്ത് ലക്ഷം ഉണ്ടെങ്കില്‍ ഇപ്പോള്‍ കൈയ്യില്‍ കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.


ഇത്രയും അധികം രണ്ടായിരത്തിന്‍റെ നോട്ടുകള്‍ ഒന്നിച്ച് എവിടെനിന്നാണ് കിട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞില്ല. പലരില്‍ നിന്നും സംഘടിപ്പതാണെന്നു മാത്രമായിരുന്നു മറുപടി. അഞ്ച്, ആറ് കോടി രൂപയുടെ ടേണ്‍ ഓവറുള്ളതിനാല്‍ പേടിക്കാനില്ലെന്നും 50 ലക്ഷത്തിനൊന്നും തന്നെ തൊടാന്‍ കഴിയില്ലെന്നും കോഴിക്കോടോ, തിരുവല്ലയിലോ എവിടെ വേണമെങ്കിലും നോട്ടുകള്‍ എത്തിക്കാമെന്നും ഇയാള്‍ പറഞ്ഞുവത്രേ. 


അമിത ലാഭം പ്രതീക്ഷിച്ച് ചില വ്യാപാരികളും കമ്മീഷന്‍ അടിസ്ഥാനത്തില്‍ അസാധു നോട്ടുകള്‍ മാറി നല്‍കുന്നുണ്ട്. കച്ചവട ആവശ്യത്തിനായി ബാങ്കില്‍ തുടങ്ങിയ വാണിജ്യ അക്കൗണ്ടിലൂടെ 30 ലക്ഷം രൂപ വരെ മാറ്റി നല്‍കാമെന്ന് കര്‍ണ്ണാടകയിലെ ഒരു വ്യാപാരി പറഞ്ഞു. 30 ലക്ഷം രൂപക്ക് 21 ലക്ഷം രൂപയാണ് നല്‍കുക. കണക്കുകളൊന്നും ബോധിപ്പിക്കാതെ തന്നെ പന്ത്രണ്ടര  ലക്ഷത്തോളം രൂപ വാണിജ്യ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യം ഉപയോഗിച്ചാണ് ഈ ഇടപാട്. കര്‍ണ്ണാടകയിലെ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്നും വ്യാപാരി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പല പ്രമുഖരും നോട്ട് മാറ്റള്‍ പ്രക്രീയയിലേക്ക് കടന്നിട്ടുണ്ട്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K