21 November, 2016 10:14:40 PM


ഒരു കോടി വരെയുള്ള വായ്പകള്‍ തിരിച്ചടവിന് അധിക സമയം




മുംബൈ: 500, 1000 നോട്ടുകള്‍ അസാധുവാക്കിയത് മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ നടപടികളുമായി റിസര്‍വ് ബാങ്ക്. കുടിശികയായ ഒരു കോടി രൂപയ്ക്ക് താഴെയുള്ള ഭവന-വാഹന വായ്പ അടയ്ക്കാന്‍ റിസര്‍വ് ബാങ്ക് 60 ദിവസത്തെ അധിക സമയം അനുവദിച്ചു.



നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ കിട്ടാകടത്തിന്റെ പരിധിയില്‍ വരാനിരുന്ന വായ്പകളുടെ ഉടമസ്ഥര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ബാങ്കുകള്‍ക്കൊപ്പം റിസര്‍വ് ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ പരിഗണന ലഭിക്കും. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് വന്ന പുതിയ നിര്‍ദേശ പ്രകാരം ആഴ്ചയില്‍ 24,000 രൂപ മാത്രമേ പിന്‍വലിക്കാനാകൂ. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.



വ്യാപാരികള്‍ക്ക് വാണിജ്യ അക്കൗണ്ടുകളില്‍ നിന്ന് അമ്ബതിനായിരം രൂപ വരെ പിന്‍വലിക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. നേരത്തെ കറന്റ് അക്കൗണ്ടുകള്‍ക്ക് മാത്രം ലഭിച്ചിരുന്ന ഇളവാണ് ഓവര്‍ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ക്കും ബാധകമാക്കിയത്. കഴിഞ്ഞ മൂന്നു മാസം ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകള്‍ക്ക് ഈ ഇളവ് ബാധകമല്ലെന്നും ആര്‍ബിഐ പറഞ്ഞു. അര്‍ഹരായവര്‍ 2000 രൂപ നോട്ടുകളിലേ പണം പിന്‍വലിക്കാവൂ എന്നും നിര്‍ദേശമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K