21 November, 2016 07:43:22 PM


കർഷകരിൽ നിന്നും സംഭരിക്കുന്ന പാലിന് മിൽമ വില കൂട്ടി നല്‍കണം: മന്ത്രി രാജു




കോട്ടയം: ക്ഷീരകർഷകരിൽ നിന്നും സംഭരിക്കുന്ന പാലിന് മിൽമ നൽകുന്ന വില വർദ്ധിപ്പിക്കണമെന്ന് ക്ഷീര വികസന-വനം വകുപ്പു മന്ത്രി  അഡ്വ. കെ. രാജു. കേരളത്തിലെ ക്ഷീര മേഖലയുടെ നട്ടെല്ലായ ക്ഷീരകർഷകർക്ക്  അദ്ധ്വാനത്തിന് അനുസരിച്ചുളള ആദായം ലഭിക്കുന്നതിന് നടപടി ഉണ്ടാകണം. ക്ഷീരോല്പാദന രംഗത്തുളള കർഷകരുടെ ആദായം മെച്ചപ്പെടുത്തി ഈ മേഖലയിൽ നിൽനിർത്തുന്നതിന് പാൽ വില ഉയർത്തണം.  നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് ക്ഷീര കർഷകർക്കുളള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പാലിന്റെ വില കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീറ്റപുല്ലിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് ക്ഷീര കർഷകർക്കുളള ധനസഹായം വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.  ഒരു ഹെക്ടറിൽ പുൽ കൃഷി ചെയ്യുന്ന കർഷകന് വർഷം 20,000 രൂപ സബ്‌സീഡി നൽകും. കർഷകരുടെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന പുല്ല് വിലയ്‌ക്കെടുത്ത് ഫോഡർ ബാങ്കുകളിൽ സംഭരിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്മലമറ്റം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി അദ്ധ്യക്ഷത വഹിച്ചു. 

പുതിയ ആളുകളെ പ്രത്യേകിച്ച് യുവജനങ്ങളെയും അന്യദേശ ജോലിക്ക് ശേഷം തിരിച്ചു വന്നവരേയും ക്ഷീരമേഖലയിലേയ്ക്ക് കൊണ്ടുവരുന്നതിന് ആകർഷകരമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുളളതെന്ന് മന്ത്രി പറഞ്ഞു. കേരള ഫീഡ്‌സിന്റെ ഉല്പാദന ക്ഷമത പരമാവധി വർദ്ധിപ്പിച്ച് ആവശ്യാനുസരണം കാലിത്തീറ്റ ലഭ്യമാക്കും. പാൽ ഉല്പാദന ശേഷി കൂടുതലുളള പശുക്കളുടെ ബ്രീഡ് വികസിപ്പിക്കുന്നതിന് കെ.എൽ.ഡിയുമായി പദ്ധതി തയ്യാറാക്കും. എല്ലാ പശുക്കൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തും. പ്രീമിയം തുകയുടെ 75 ശതമാനം സബ്‌സിഡി നൽകും. ക്ഷീര കർഷകരുടെ പെൻഷൻ 1000 രൂപയാക്കി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. 




ഉഴവൂർ ബ്ലോക്കിലെ ക്ഷീര കർഷക സംഗമവും മന്ത്രി ഉദ്ഘാടനം ചെയ്തു. രാമപുരം ചക്കാമ്പുഴ ക്ഷീരോല്പ്പാദക സഹകരണ സംഘം   പരിസരത്ത് നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, ഇ.ആർ.സി.എം.പി.യു ചെയർമാൻ പി.എ ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ബ്ലോക്കുകളിലെ മികച്ച ക്ഷീര സംഘത്തിനുള്ള ട്രോഫി, ഏറ്റവും കൂടുതൽ പാൽഅളന്ന എസി/എസ്റ്റി വിഭാഗത്തിൽപ്പെട്ട് കർഷകനുള്ള അവാർഡ്, ക്ഷീര വികസന വകുപ്പ് ധനസഹായം എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. കന്നുകാലി പ്രദർശനം. സെമിനാർ, ക്വിസ് മത്സരം എന്നിവയും നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K