21 November, 2016 07:37:23 PM


റേഷൻകാർഡ്: തെറ്റായ വിവരം നൽകിയവർക്കെതിരെ കർശന നടപടി


കോട്ടയം: പുതിയ റേഷൻ കാർഡ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുളള മുൻഗണനാ/എ.എ.വൈ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നതിനായി തെറ്റായ വിവരം നൽകിയവർക്കെതിരെ തടവും പിഴയും ഉൾപ്പടെയുളള കർശന നടപടികളുണ്ടാകുമെന്ന് ജില്ലാ കളക്ടർ സി.എ ലത മുന്നറിയിപ്പ് നൽകി. കൂടാതെ ഇവരുടെ റേഷൻകാർഡുകൾ സ്ഥിരമായി റദ്ദ് ചെയ്യുകയും അനധികൃതമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ മാർക്കറ്റ് വില അവരിൽ നിന്ന് ഈടാക്കുകയും ചെയ്യും. 


കുടുംബത്തിലെ ഏതെങ്കിലും അംഗം സംസ്ഥാന-കേന്ദ്ര സർവ്വീസിലോ പൊതു മേഖല-സഹകരണ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് മുൻഗണനാ പട്ടികയിൽ ഉൾപ്പെടാനോ ആനുകൂല്യം കൈപ്പറ്റാനോ അവകാശം ഉണ്ടായിരിക്കുകയില്ല. എന്നാൽ പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുളള വീടോ ഫ്‌ളാറ്റോ സ്വന്തമായുളളവർ, അദ്ധ്യാപകർ,  നാലു ചക്രവാഹനമുളളവർ, ഒരു ഏക്കറിൽ കൂടുതൽ ഭൂമി സ്വന്തമായുളളവർ, വരുമാന നികുതി അടയ്ക്കുന്നവർ, പ്രവാസികളടക്കം 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനമുളളവർ എന്നിവർക്ക് മുൻഗണനാ/എ.എ.വൈ വിഭാഗക്കാർക്കുളള ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കില്ല.


തെറ്റായ വിവരം നൽകി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുളള കരട് മുൻഗണനാ/എ.എ.വൈ പട്ടികയിൽ കടന്നുകൂടിയിട്ടുളളവർ നവംബർ 30നകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർക്ക് പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുളള അപേക്ഷ നൽകിയാൽ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കുമെന്നും കളക്ടർ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K