12 January, 2016 11:31:58 PM


സിനിമ പൊളിഞ്ഞു ; നായകനും നായികയും 15 കോടി രൂപ തിരികെ നല്‍കുന്നു



മുംബൈ : സിനിമ പൊളിഞ്ഞു. മുന്‍ കാമുകീ കാമുകന്‍മാരായ നായകനും നായികയും നഷ്ടത്തിന്  ഉത്തരവാദിത്തമേറ്റ്  15 കോടി രൂപ തിരികെ നല്‍കുന്നു. അടുത്തിടെ പുറത്തിറങ്ങിയ 'തമാശ' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തിയതനെ തുടര്‍ന്ന് സിനിമയിലെ അഭിനേതാക്കളായ രണ്‍ബീര്‍ കപൂറും, ദീപിക പദുക്കോണുമാണ് 15 കോടി രൂപ തിരികെ നല്‍കുവാന്‍ തീരുമാനിച്ചത്.

മുന്‍ കാമുകീ കാമുകന്‍മാരായ ദീപികയും രണ്‍ബീറും ഒരിക്കല്‍ക്കൂടി ഒത്തുചേരുമ്പോള്‍ മികച്ച കലക്ഷന്‍ ലഭിക്കുമെന്നായിരുന്നു പ്രൊഡ്യൂസര്‍മാരുടെ പ്രതീക്ഷ.  വന്‍ തുക ചെലവഴിച്ചു യുടിവിയും സാജിദ് സദിയാവാലയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് 50 കോടി രൂപയ്ക്കടുത്ത് മാത്രമേ  കളക്ഷന്‍ ലഭിച്ചുള്ളു. ഇംതിയാസ് അലിയായിരുന്നു സംവിധായകന്‍.പ്രചരണത്തിനു തന്നെ വലിയൊരു തുക ചെലവഴിച്ചതിനാല്‍ സിനിമ പുറത്തിറങ്ങും മുന്‍പുതന്നെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്രേക്ഷകരെ തീയേറ്ററുകളിലെത്തിക്കാന്‍ കഴിഞ്ഞില്ല. 

അടുത്തകാലത്ത് പുറത്തിറങ്ങിയ ദീപികയുടെ മിക്ക സിനിമകളും നൂറും ഇരുനൂറും കോടിരൂപ കലക്ഷന്‍ നേടിയപ്പോഴായിരുന്നു തമാശ കലക്ഷനില്‍ ഏറെ പിന്നോട്ടുപോയത്. ഇതേ തുടര്‍ന്ന് തങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നും 15 കോടി രൂപ മടക്കിനല്‍കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നെന്നാണ് ഒരു ബോളിവുഡ് ഓണ്‍ലൈന്‍ പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. രണ്‍ബീര്‍ 10 കോടിയും ദീപിക 5 കോടി രൂപയുമാണ് തിരികെ നല്‍കുക.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K