21 November, 2016 12:04:07 AM


ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ സംയുക്ത സ്‌ക്വാഡ്

കൊല്ലം: ശബരിമല സീസണിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ മിത്രയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ പൊലീസ്, ലീഗല്‍ മെട്രോളജി, ഫുഡ്‌സേഫ്റ്റി, റവന്യൂ, സിവില്‍ സപ്ലൈസ് വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഹോട്ടലുകളിലും മറ്റും അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കും.

ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. പുനലൂരില്‍ സീസണില്‍ അനുഭവപ്പെടുന്ന വര്‍ധിച്ച ഗതാഗത തടസം നിയന്ത്രിക്കാന്‍ സ്‌പെഷ്യല്‍ പൊലീസിന്റെ സേവനം ഉപയോഗപ്പെടുത്തും. 120 സ്‌പെഷ്യല്‍ പൊലീസിനെ നിയോഗിക്കും. കെഎസ്ആര്‍ടിസിയില്‍ ബസുകളുടെയും ജീവനക്കാരുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ശബരിമല സീസണില്‍ റോഡുകള്‍ കുഴിച്ചുള്ള ജോലികള്‍ ഒഴിവാക്കും. റോഡിന്റെ വശങ്ങളിലെ കാട് വെട്ടിത്തെളിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയ്യപ്പന്‍മാരുടെ കുളിക്കടവുകളില്‍ ആഴംകൂടിയ ഭാഗങ്ങളില്‍ ഇതുസംബന്ധിച്ച് അപായസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും.

പ്രധാന ഇടത്താവളങ്ങളായ കുളത്തൂപ്പുഴ, കൊട്ടാരക്കര, പുനലൂര്‍, ആര്യങ്കാവ്, അച്ചന്‍കോവില്‍ പ്രദേശങ്ങളിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനവും മരുന്ന് ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. ശുചിത്വമിഷനുമായി ചേര്‍ന്ന് പ്ലാസ്റ്റിക്‌രഹിത മണ്ഡലകാലത്തിനായുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ എഡിഎം ഐ.അബ്ദുല്‍സലാം, സബ് കളക്ടര്‍ എസ് ചിത്ര, ആര്‍ടിഒ ബി.തുളസീധരന്‍പിള്ള, ജില്ലാ സപ്ലൈ ഓഫീസര്‍ ബി.ടി.അനിത, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബി ഷൈന്‍, ഡിഎഫ്ഒമാരായ കെ.ജി.രാജന്‍, ജിയാസ് ജമാലുദ്ദീന്‍, ജോണ്‍സണ്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K