13 November, 2016 12:34:11 PM


3 ദിവസം കൊണ്ട് ബാങ്കുകളിലെത്തിയത് രണ്ടുലക്ഷം കോടിയുടെ നിക്ഷേപം




ദില്ലി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ രൂപത്തില്‍ രാജ്യത്തെ ബാങ്കുകളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എത്തിയത് രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം. ബുധനാഴ്ച മുതല്‍ ശനിയാഴ്ച ഉച്ചവരെ ഏഴുകോടി ഇടപാടുകളാണ് എല്ലാ ബാങ്കുകളിലുമായി നടന്നത്. നോട്ട് മാറ്റ പ്രക്രിയയെക്കുറിച്ചു കേന്ദ്രധനമന്ത്രാലയം നടത്തിയ അവലോകനത്തിലാണ് ഇതുവരെയുള്ള നടപടികളുടെ വ്യാപ്തി വെളിപ്പെട്ടത്.


ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി രണ്ടുലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചു. നിക്ഷേപം, നോട്ടുമാറ്റല്‍, എടിഎമ്മിലൂടെ പണം പിന്‍വലിക്കല്‍ തുടങ്ങി ഏഴുകോടി ഇടപാടുകളാണ് ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ നടത്തിയത്. 


എടിഎമ്മുകളുടെ പ്രവര്‍ത്തനം ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ മാത്രമേ പൂര്‍ണതോതിലാകൂ. ആകെയുള്ള രണ്ടുലക്ഷം എടിഎമ്മുകളില്‍ 1,20,000 എണ്ണവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബാങ്കുകള്‍ യോഗത്തെ അറിയിച്ചു. പുതിയ നോട്ടുകള്‍ നിറയ്ക്കാന്‍ എടിഎമ്മുകളെ സജ്ജമാക്കുന്ന പ്രക്രിയ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ മാത്രമേ പൂര്‍ത്തിയാകൂ.


നൂറുരൂപ നോട്ടുകളും പത്തുരൂപ നാണയങ്ങളും പരമാവധി ലഭ്യമാക്കാന്‍ ബാങ്കുകളോടു യോഗം നിര്‍ദേശിച്ചു. ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും എത്തുന്ന പണത്തിന്റെ തോതു മുഴുവന്‍ സമയവും നിരീക്ഷിക്കുന്നുണ്ടെന്നും ധനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെയും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K