08 November, 2016 09:50:54 PM


1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി; ബാങ്കുകള്‍ ബുധനാഴ്ച പ്രവര്‍ത്തിക്കില്ല



ദില്ലി: രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി. ഇന്ന് അര്‍ധരാത്രി മുതലാണ് നോട്ടുകള്‍ അസാധുവാകുക. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം. മന്ത്രിസഭാ യോഗത്തിനു ശേഷം കള്ളപ്പണത്തിന്റെയും അഴിമതിയുടെയും സാഹചര്യത്തെ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം ഇന്ന് പ്രസ്താവിച്ചത്. 


വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയും കള്ളപ്പണവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. സ്വന്തം നേട്ടത്തിനായി ഒരു ചെറിയ വിഭാഗമാണ് അഴിമതി വ്യാപിപ്പിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ മുമ്പ് ഇന്ത്യ നൂറാം സ്ഥാനത്തായിരുന്നെങ്കില്‍ ഇപ്പോള്‍ 76ആം സ്ഥാനത്താണ്.


കള്ളപ്പണം ഇല്ലാതാക്കുന്നതില്‍ ജനങ്ങളുടെ സഹകരണം പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. വിദേശ ബാങ്കുകളിലുള്ള 1.25 ലക്ഷം കോടി കള്ളപ്പണം ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരും. ഇന്ന് അര്‍ധരാത്രിയോടെ 1000,500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ നവംബര്‍ 10 മുതല്‍ വിതരണത്തിനെത്തും. എന്നാല്‍ 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.


ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകളുടെ വിതരണം നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിന് പുറമെ നാളെ ബാങ്കുകള്‍ക്കും, എ.ടി.എം സെന്ററുകള്‍ക്കും അവധിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബാങ്കുകള്‍ക്ക് പുറമെ പോസ്‌റ്റോഫീസുകളിലും ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. ആഴ്ചയില്‍ 20,000 രൂപ മാത്രമാവും മാറ്റിയെടുക്കാനാവുക.


ബാങ്കുകളും എ.ടി.എമ്മുകളും ബുധനാഴ്ച പ്രവര്‍ത്തിക്കില്ല

** നവംബര്‍ 10 മുതല്‍ 50 ദിവസത്തിനകം നോട്ടുകള്‍ മാറ്റാം

** ബാങ്കുകളില്‍നിന്നും പോസ്റ്റ് ഓഫീസുകളില്‍നിന്നും നോട്ടുകള്‍ മാറ്റാം

** നോട്ടുകള്‍ മാറ്റാന്‍ എത്തുന്നവര്‍ ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ കരുതണം

** സര്‍ക്കാര്‍ ആസ്പത്രികളില്‍ 72 മണിക്കൂര്‍ നേരത്തേക്ക് 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കും

** റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങിനും നോട്ടുകള്‍ ഉപയോഗിക്കാം

** വിനോദസഞ്ചാരികള്‍ക്ക് വിമാനത്താവളങ്ങളില്‍ നോട്ടുകള്‍ മാറ്റാം

** കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ നിയന്ത്രണമില്ല

** ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിയന്ത്രിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചു

** പുതിയ 2000, 500 നോട്ടുകള്‍ ഉടന്‍ തന്നെ ജനങ്ങളുടെ കൈകളിലെത്തും





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K