29 October, 2016 01:22:04 PM


എസ്ബിഐ, ഐസിഐസിഐ ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു




ദില്ലി : ഇന്ത്യയിലെ രണ്ട് പ്രധാന ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു. എസ്ബിഐയും ഐസിഐസിഐ ബാങ്കുമാണ് പലിശ നിരക്കുകളില്‍ യഥാക്രമം 0.15%, 0,10% എന്നിങ്ങനെ കുറവ് വരുത്തിയത്. കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ ബാങ്കും നിരക്കില്‍ 0.05% കുറവ് വരുത്തിയിരുന്നു. എസ്ബിഐയിലും ഐസിഐസിഐ ബാങ്കിലും നവംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.



ഉത്സവ സീസണ്‍ മുന്‍പില്‍ കണ്ടാണ് ബാങ്കുകള്‍ നിരക്കുകളില്‍ മാറ്റം വരുത്തിയത്. എംസിഎല്‍ആര്‍ ( മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ടിംഗ് ബേസ്ഡ് ലെന്റിംഗ് റേറ്റ്) എസ്ബിഐയില്‍ 8.90 ശതമാനവും, ഐസിഐസിഐയില്‍ 8.95 ശതമാനവുമാകും. ഭവനവായ്പയും വാഹന വായ്പയുമടക്കം എല്ലാ ലോണുകളും എംസിഎല്‍ആറുമായി ബന്ധപ്പെട്ടിട്ടാണുള്ളത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് ഈ നടപടി നേട്ടമാകും. ഈ മാസം ആദ്യത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 6.25 ശതമാനമാക്കിയിരുന്നു. രാജ്യത്ത് പണവിനിമയം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K