10 October, 2016 08:15:32 AM


ദേവീസന്നിധിയില്‍ കൊട്ടിക്കയറി ജയറാം, ആസ്വദിക്കാന്‍ ഭാര്യ പാര്‍വതിയും




കൊച്ചി: ചോറ്റാനിക്കര ദേവീസന്നിധിയില്‍ മേളപ്രമാണിയായി കൊട്ടിക്കയറി നടന്‍ ജയറാം. ചെണ്ടയെ ഏറെ ഇഷ്ടപ്പെടുന്ന നടന്‍ പതിവു തെറ്റിക്കാതെയാണ് നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച്‌ ദേവിക്ക് അര്‍ച്ചന അര്‍പ്പിക്കാന്‍ എത്തിയത്. ജയറാമിന്റെ നേതൃത്വത്തില്‍ ഗംഭീര പഞ്ചാരിമേളം തന്നെയാണ് അരങ്ങേറിയത്. ഇത് ആസ്വദിക്കാന്‍ നൂറുകണക്കിന് ആളുകളോടൊപ്പം താരത്തിന്റെ ഭാര്യ പാര്‍വതിയും എത്തി. ചെണ്ടയില്‍ ആസ്വദിച്ച്‌ ഭര്‍ത്താവ് കൊട്ടിക്കയറിയപ്പോള്‍ താളം പിടിച്ചു താരം.


നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ദുര്‍ഗാഷ്ടമിയായിരുന്ന ഞായറാഴ്ച രാവിലെ ശീവേലിക്കായിരുന്നു ആസ്വാദകര്‍ക്ക് ഹരം പകര്‍ന്ന് പവിഴമല്ലിത്തറ മേളം നടന്നത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോത്സവക്കാലത്ത് പവിഴമല്ലിത്തറ മേളത്തിന് ജയറാം പ്രാമാണ്യം വഹിക്കുന്നത്.


നെറ്റിപ്പട്ടംകെട്ടിയ ആനപ്പുറത്ത് സ്വര്‍ണക്കോലത്തിലേറി എഴുന്നള്ളിയ ചോറ്റാനിക്കരയമ്മയെ ദര്‍ശിച്ച്‌ കൊണ്ടായിരുന്നു നൂറ്റി അമ്ബതോളം വാദ്യകലാകാരന്മാരോടൊപ്പം ജയറാം മേളത്തിന്റെ നായകത്വം വഹിച്ചത്. മൂന്ന് മണിക്കൂറോളം ക്ഷേത്രാങ്കണത്തില്‍ പഞ്ചാരിയുടെ മാധുര്യം പകര്‍ന്ന മേളം 12.15നാണ് കൊട്ടിക്കലാശിച്ചത്. ഇടന്തലയില്‍ ജയറാമിന്റെ കൂടെ ചോറ്റാനിക്കര സത്യന്‍ നാരായണ മാരാര്‍, തിരുമറയൂര്‍ രാജേഷ് മാരാര്‍, ആനിക്കാട് കൃഷ്ണകുമാര്‍, ആനിക്കാട് ഗോപകുമാര്‍, ഉദയനാപുരം ഹരി തുടങ്ങിയവര്‍ നിരന്നു.



കുഴൂര്‍ ബാലന്‍, പള്ളിപ്പുറം ജയന്‍, ചോറ്റാനിക്കര രഞ്ജിത് തുടങ്ങി 35 പേരായിരുന്നു വലന്തലയില്‍. ചോറ്റാനിക്കര സുനില്‍, ചോറ്റാനിക്കര വേണുഗോപാല്‍, പറവൂര്‍ സോമന്‍ തുടങ്ങി 41 പേര്‍ ഇലത്താളമിട്ടു. ചെങ്ങമനാട് അപ്പു നായര്‍, ഓടയ്ക്കാലി മുരളി, കുമ്മത്ത് ശശി, മച്ചാട് ഹരിദാസ് തുടങ്ങി 32 പേര്‍ കൊമ്ബും കൊടകര ശിവരാമന്‍ നായര്‍, കൊടകര അനൂപ്, പെരുവാരം സതീശന്‍ തുടങ്ങി 18 പേര്‍ കുഴലും ഊതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K