25 August, 2016 10:11:31 AM


മാരത്തണ്‍ വെള്ളിമെഡല്‍ ജേതാവ് ജന്മനാട്ടിലേക്ക് മടങ്ങാനാകാതെ ബ്രസീലില്‍



റിയോ: മെഡല്‍ നേടി നാട്ടില്‍ തിരിച്ചത്തെിയ സിന്ധുവിനെയും സാക്ഷിയെയും ഇന്ത്യയൊന്നടങ്കം കോടികള്‍കൊണ്ട് മൂടുമ്പോള്‍ മാരത്തണില്‍ വെള്ളി നേടിയ ഇത്യോപ്യന്‍ താരത്തെ നാട്ടില്‍ കാത്തിരിക്കുന്നത് തടവറ. ഗോത്രവര്‍ഗക്കാര്‍ക്കെതിരായ ഇത്യോപ്യന്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചതിനാണ് മാരത്തണ്‍ വെള്ളിമെഡല്‍ ജേതാവായ ഫെയിസ ലിലേസ ജന്മനാട്ടില്‍ നിയമനടപടി നേരിടുന്നത്. നടപടിയെടുക്കില്ല എന്ന് ഇത്യോപ്യന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കാത്തതിനാല്‍ ബ്രസീലില്‍ തന്നെ തങ്ങുകയാണ് താരം. ഇത്യോപ്യന്‍ ടീം തിങ്കളാഴ്ച രാത്രി നാടണഞ്ഞെങ്കിലും ഫെയിസ മാത്രം എത്തിയില്ല.


മെഡല്‍ നേട്ടത്തിന് പിന്നാലെ തലക്ക് മുകളില്‍ കൈകള്‍ കോര്‍ത്ത് പിടിച്ചാണ് ഫെയിസ പ്രതിഷേധം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഇത്യോപ്യയിലെ ഗോത്രവര്‍ഗമായ ഒരോമ ജനതക്ക് നേരെ സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങളിലുള്ള പ്രതിഷേധമായിരുന്നു ഫെയിസയുടെ പ്രവൃത്തിയില്‍ അടങ്ങിയിരുന്നത്. തലക്ക് മുകളില്‍ കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഒരോമ ഗോത്രക്കാര്‍ പ്രതിഷേധിക്കുന്നത്. മെഡല്‍ വിതരണ ചടങ്ങിലും 26കാരനായ ഫെയിസ പ്രതിഷേധം ആവര്‍ത്തിച്ചു. ഇത്യോപ്യന്‍ സര്‍ക്കാര്‍ തന്‍െറ ഗോത്രക്കാരെ കൊന്നൊടുക്കുകയാണെന്നും ബന്ധുക്കള്‍ പോലും ജയിലിലാണെന്നും ഫെയിസ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതോടെ ഫെയിസയുടെ മത്സരം പുന$സംപ്രേഷണം ചെയ്യുന്നതിന് ഇത്യോപ്യന്‍ ചാനലുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പെടുത്തി.

രാജ്യദ്രോഹ കുറ്റം ചുമത്തി വധശിക്ഷ പോലും വിധിക്കപ്പെട്ടേക്കാം എന്ന് ഫെയിസ ഭയപ്പെടുന്നു.  മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാനാണ് തീരുമാനം. ഫെയിസ ഉള്‍പ്പെടെ എട്ട് താരങ്ങളാണ് ഇത്യോപ്യക്ക് മെഡല്‍ സമ്മാനിച്ചത്. ഏറ്റവും വേഗമേറിയ മാരത്തണ്‍ റെക്കോഡ് ഫെയിസയുടെ പേരിലാണ്. താരങ്ങളെ അഭിനന്ദിക്കുന്നതായി ഇത്യോപ്യന്‍ കായിക അധികൃതര്‍ അറിയിച്ചെങ്കിലും ഫെയിസയുടെ പേര് മാത്രം അവര്‍ ഒഴിവാക്കി. നഗരവികസനത്തിനായി ഒരോമ ഗോത്രക്കാരെ കുടിയൊഴിപ്പിച്ചത് ഇത്യോപ്യയില്‍ ആഭ്യന്തര കലാപത്തിന് വഴിവെച്ചിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നാനൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. 

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K