23 August, 2016 05:29:03 PM


ഒ.പി ജെയ്ഷയുടെ ആരോപണം അസത്യമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍



ദില്ലി: ഒളിമ്പിക്സ് മാരത്തൺ മത്സരത്തിനിടെ കുടിവെള്ളംപോലും  നല്‍കിയില്ലെന്ന മലയാളി താരം ഒ.പി ജെയ്ഷയുടെ ആരോപണം തള്ളി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ). ഒ.പി ജെയ്ഷയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമായ കാര്യങ്ങളാണ്. പ്രത്യേകം കുടിവെള്ളം ആവശ്യമുണ്ടെന്ന് ജെയ്ഷ അധികൃതരെ അറിയിച്ചിരുന്നില്ല. മത്സരാർഥികള്‍ക്ക് വെള്ളം വിതരണം ചെയ്യേണ്ട ചുമതല സംഘാടകര്‍ക്കാണെന്നും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് ജെയ്ഷയും കോച്ചും വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് എ.എഫ്.ഐയുടെ മുതിർന്ന ഉദ്യോഗസ്ഥൻ വി.കെ വത്സൻ മാധ്യമങ്ങളോട് പറഞ്ഞു.


42 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തണിൽ പങ്കെടുത്ത ജെയ്ഷ ഫിനിഷിങ് ലൈനിൽ തളർന്നു വീണിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ജെയ്ഷക്ക് ബോധം വന്നത്. കുടിവെള്ളം, ഗ്ലൂക്കോസ്, എനർജി ജെല്ലുകൾ എന്നിവ മാരത്തൺ താരങ്ങൾക്ക് അതാത് രാജ്യങ്ങൾ നൽകാറുണ്ട്. ഓരോ രണ്ടര കിലോമീറ്റർ പിന്നിടുമ്പോഴാണ് താരങ്ങൾക്ക് ഇവ നൽകുക. എന്നാൽ, മാരത്തൺ ഒാടുന്ന നിരത്തുകളിലുള്ള ഇന്ത്യൻ ഡെസ്കുകൾ കാലിയായിരുന്നു.


മറ്റു രാജ്യങ്ങളുടെ കൗണ്ടറുകളിൽനിന്ന് കുടിവെള്ളവും മറ്റും എടുക്കുന്നത് അയോഗ്യയാക്കപ്പെടാനും ഇടയാക്കും. ജെയ്ഷക്ക് ഒരു പരിധിവരെ സഹായകരമായത് ഒളിമ്പിക് കമ്മിറ്റി തയാറാക്കിയ ഡെസ്ക്കുകളാണ്. എട്ടു കിലോമീറ്റർ പിന്നിടുമ്പോൾ മാത്രമേ അവ കുടിവെള്ളം ലഭ്യമാക്കുകയുള്ളൂ.


അത്‌ലറ്റിക് ഫെഡറേഷന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ജെയ്ഷ രംഗത്തെത്തി. താൻ കള്ളം പറഞ്ഞതാണെന്ന് തെളിഞ്ഞാൽ കായിക രംഗത്ത് നിന്ന് വിടവാങ്ങുമെന്ന് ജെയ്ഷ വ്യക്തമാക്കി. അത്‌ലറ്റിക് ഫെഡറേഷനാണ് കളവ് പറയുന്നത്. വർഷങ്ങളായി കായിക രംഗത്തുള്ള താൻ ഇതുവരെ ഫെഡറേഷനെതിരെ പരാതി പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K