06 January, 2016 03:04:32 PM


ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എയ്ഡ്സ് പേടി




ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് എച്ച്.ഐ.വി ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എയിഡ്‌സ് പേടി. വേണ്ടത്ര പ്രതിരോധ നടപടികളില്ലാതെ ഇയാളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അടക്കം 13 പേര്‍ എയിഡ്‌സ് പ്രതിരോധ കുത്തിവയ്‌പ്പെടുത്തു.


ഒന്നര ആഴ്ചയ്ക്ക് മുമ്പാണ് വാഹനാപകടത്തില്‍ പെട്ടയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്.

ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിന് ഇടയിലും ചികിത്സയ്ക്ക് ഇടയിലും ആശുപത്രി ജീവനക്കാരുടെ ശരീരത്തിലും ഡോക്ടര്‍മാരുടെ ശരീരത്തിലും ഇയാളുടെ രക്തം പുരണ്ടിരുന്നു. ഇയാളുടെ രക്തം പരിശോധിക്കുന്നതിനുള്ള സാമ്പിളും ഇതിനിടയില്‍ ശേഖരിച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം രക്തത്തിന്റെ പരിശോധനാഫലം പുറത്തുവന്നപ്പോള്‍ മാത്രമാണ് എച്ച്.ഐ.വി പോസിറ്റീവ് ആണെന്നകാര്യം അധികൃതര്‍ തിരിച്ചറിഞ്ഞത്. ഇതോടെ പരിഭ്രാന്തരായ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും പരിക്കേറ്റയാള്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു.


ആലപ്പുഴ ജനറല്‍ ആശുപത്രി, വണ്ടാനം ടി.ഡി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ മൂന്നു ഡോക്ടര്‍മാരും നാല് നഴ്‌സുമാരും അഞ്ച് പാരാമെഡിക്കല്‍ ജീവനക്കാരും ഒരു ഓട്ടോറിക്ഷാ ഡ്രൈവറുമാണ് കുത്തിവയ്‌പ്പെടുത്തത്. 

എച്ച്.ഐ.വി ബാധിതരെ ചികിത്സിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ആശുപത്രിയിലുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K