26 July, 2016 10:29:34 AM


ഉത്തേജകമരുന്ന്: ഇന്ദ്രജിത് സിംഗിന് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനാവില്ല



ദില്ലി: റിയോ ഒളിമ്പിക്സിന് പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തിന് വീണ്ടും തിരിച്ചടിയായി ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ സംഘത്തിലെ രണ്ടാമത്തെയാളാണ് നിരോധിത മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്നത്. നേരത്തെ  ഗുസ്തി താരം നര്‍സിങും ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടിരുന്നു.


28 കാരനായ ഇന്ദ്രജീത് 2014 ലെ ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവും നിലവിലെ ഏഷ്യയിലെ ലീഡ് താരവുമാണ്. മരുന്നുകളില്‍ ഉള്‍പ്പെട്ട സ്റ്റിറോയ്ഡ് ഉപയോഗിച്ചതായി ദേശീയ ഉത്തേജ വിരുദ്ധ സമിതി (നാഡ) കണ്ടെത്തുകയായിരുന്നു. ലോക ഉത്തേജക വിരുദ്ധ സമിതി (വാഡ) യുടെ നിയമമനുസരിച്ച് ഒളിമ്പിക്‌സിന് പങ്കെടുക്കാന്‍ പറ്റാത്തതിന് പുറമേ നാലു വര്‍ഷത്തെ വിലക്കും  ഇന്ദ്രജീതിന് ലഭിച്ചേക്കും. അത്‌ലറ്റിക്‌സ് ഫെഡറേഷഷന് ഇതു സംബന്ധിച്ച് നാഡ കഴിഞ്ഞ ദിവസം കത്തയക്കുകയായിരുന്നു.


റിയോ ഒളിമ്പിക്‌സിലേക്ക് ഫീല്‍ഡ് അത്‌ലറ്റിക്‌സില്‍ ആദ്യമായി യോഗ്യത നേടിയ ഇന്ത്യന്‍ താരമാണ് ഇന്ദ്രജീത്. എഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗ്രാന്റ് പ്രിക്‌സ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നിവകളില്‍ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് ഇന്ദ്രജീത് സിങ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K