21 July, 2016 04:02:17 PM


റഷ്യൻ അതലറ്റുകൾക്ക് റിയോ ഒളിമ്പിക്സിൽ വിലക്ക്



വിയന്ന: ഉത്തേജകമരുന്ന് വിവാദത്തില്‍ കുരുങ്ങിയ റഷ്യയുടെ ഒളിമ്പിക്സ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി അത്ലറ്റുകൾ സമർപ്പിച്ച ഹരജി ലോക കായിക തർക്കപരിഹാര കോടതി തള്ളി. ഇതോടെ റിയോ ഒളിമ്പിക്സിലെ ഗ്ളാമര്‍ ഇനമായ ട്രാക്ക്, ഫീല്‍ഡ് ഇനങ്ങളില്‍ റഷ്യന്‍ അത്ലറ്റുകള്‍ക്ക് മത്സരിക്കാനാവില്ല. കളങ്കിതരായ ഏതാനും അത്ലറ്റുകളുടെ പേരില്‍ രാജ്യത്തെ മുഴുവനായും വിലക്കുന്നതിനെ ചോദ്യം ചെയ്താണ് റഷ്യ കോടതിയെ സമീപിച്ചത്. 


റഷ്യയുടെ റിയോ ഒളിമ്പിക്സ് ഭാവി ഒരാഴ്ചക്കുള്ളില്‍ അറിയാമെന്ന് ഇന്‍റര്‍നാഷനല്‍ ഒളിമ്പിക്സ് കമ്മിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. ആര്‍ബിട്രേഷന്‍ കോടതിയുടെ വിധി കൂടി പരിഗണിച്ചാവും റഷ്യയെ സമ്പൂര്‍ണമായി ഒളിമ്പിക്സില്‍നിന്ന് വിലക്കണമോയെന്ന് തീരുമാനമെടുക്കുക.

 

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വര്‍ഷാവസാനം റഷ്യന്‍ അത്ലറ്റിക്സിനെ സസ്പെന്‍ഡ് ചെയ്തത്. രാജ്യാന്തര തലത്തില്‍ നേട്ടം കൊയ്യാന്‍ സര്‍ക്കാര്‍ സഹായത്തോടെ മരുന്നടി നടക്കുന്നുവെന്നായിരുന്നു ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യുടെ അന്വേഷണ റിപ്പോര്‍ട്ട്. തങ്ങളുടെ അത്ലറ്റുകള്‍ ഉത്തേജക പരിശോധനയില്‍ പിടികൂടാതിരിക്കുവാന്‍ സര്‍ക്കാറും അത്ലറ്റിക് ഫെഡറേഷനും ഗൂഢാലോചന നടത്തിയതായാണ് ഡിക് പൗണ്ട് അധ്യക്ഷനായുള്ള കമീഷന്‍ ആരോപിച്ചത്.


റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവും അത്ലറ്റിക്സ് ഫെഡറേഷന്‍ ഭാരവാഹികളുടെയും സഹായത്തോടെ പരിശോധന സാമ്പിളുകള്‍ നശിപ്പിക്കുക, മരുന്നടിക്ക് വഴിയൊരുക്കുക, പരിശോധനാ ഫലങ്ങള്‍ അട്ടിമറിക്കുക, വാഡ സംഘത്തെ ഭീഷണിപ്പെടുത്തുക തുടങ്ങി ഗുരുതര ആരോപണങ്ങളാണ് റഷ്യക്കെതിരെ ഉയര്‍ത്തിയത്. 2012 ലണ്ടന്‍ ഒളിമ്പിക്സ് അത്ലറ്റിക്സില്‍ ഏഴ് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടിയ റഷ്യ രണ്ടാം സ്ഥാനത്തായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K