18 July, 2016 11:57:34 AM


രജിസ്ട്രേഷന്‍ നിരക്ക് വര്‍ധനയും കൊഴുപ്പ് നികുതിയും ഇന്ന് മുതല്‍ പ്രാബല്യത്തില്‍



തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റില്‍ നിര്‍ദേശിച്ച നികുതിപരിഷ്കാരങ്ങള്‍ തിങ്കളാഴ്ച മുതല്‍ നടപ്പാകും. അന്തര്‍ദേശീയതലത്തില്‍ ചര്‍ച്ചയായ കൊഴുപ്പ് നികുതിയടക്കമുള്ള നികുതിപരിഷ്കാരങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെങ്കിലും ചട്ടഭേദഗതി വേണ്ട പഴയവാഹനങ്ങളുടെ ഹരിതനികുതി നടപ്പാകാന്‍ വൈകും.


ഭൂമി രജിസ്ട്രേഷനുള്ള ന്യായവില എട്ട് ശതമാനമായി വര്‍ധിക്കും. ഭാഗപത്രം തുടങ്ങി കുടുംബസ്വത്ത് വീതംവെപ്പിന്‍െറ ചെലവ് കുത്തനെ ഉയരും. ഇതോടെ ഭൂമി ഇടപാടുകള്‍ക്ക് ചെലവേറും. സാമ്പത്തിക ഇടപാട് ഇല്ലാത്ത ഭാഗപത്രം പോലുള്ളവക്കും വന്‍ തുക നല്‍കേണ്ടി വരും. കുടുംബാംഗങ്ങള്‍ തമ്മിലെ ഭാഗപത്രത്തിനും ഒഴിമുറിക്കും ന്യായവിലയുടെ ഒരു ശതമാനമായിരുന്നു മുദ്രപ്പത്രനിരക്ക്. എത്ര തുകയുടെ ഇടപാട് നടന്നാലും പരമാവധി 1000 രൂപ മതിയെന്ന പരിധിയാണ് എടുത്തുകളഞ്ഞത്. ഇനി ന്യായവിലയുടെ മൂന്ന് ശതമാനം നല്‍കണം.  

    

ബ്രാന്‍ഡഡ് റസ്റ്റാറന്‍റുകളിലെ ബര്‍ഗര്‍, പീസ, ടാക്കോസ്, പിസ്ത, ഡോനട്സ്, സാന്‍റ്വിച്ച്, ബര്‍ഗര്‍-പാറ്റി, ബ്രെഡ് ഫില്ലിങ്ങുകള്‍ തുടങ്ങിയവക്ക് 14.5 ശതമാനം കൊഴുപ്പുനികുതി വരും. ഇതോടെ 1000 രൂപക്ക് ഇത്തരം ഭക്ഷണം കഴിക്കുന്നവര്‍ 193 രൂപ അധികം നല്‍കേണ്ടി വരും. പരമാവധി വില രേഖപ്പെടുത്തി പാക്കറ്റുകളില്‍ വില്‍ക്കുന്ന ആട്ട, മൈദ, സൂജി, റവ എന്നിവക്ക് അഞ്ച് ശതമാനം നികുതി വര്‍ധിക്കും. കിലോക്ക് രണ്ട് മുതല്‍ മൂന്ന് രൂപ വരെ വര്‍ധിക്കും. ബസുമതി അരിക്കും അഞ്ച് ശതമാനം നികുതി വരും.


വെളിച്ചെണ്ണയുടെ വിലയും അഞ്ച് രൂപയോളം ഉയരും. ഓരോ ബ്രാന്‍ഡുകളുടെയും വിലയ്ക്കനുസരിച്ച് മാറ്റം വരും. വെളിച്ചെണ്ണ ഉപയോഗിക്കുന്ന അലക്ക്സോപ്പിനും അഞ്ച് ശതമാനം നികുതി വരും. എന്നാല്‍, അലക്ക്സോപ്പില്‍ വെളിച്ചെണ്ണ ഉപയോഗം തീരെ കുറവാണെന്നാണ് വിലയിരുത്തല്‍. തവിടെണ്ണക്ക് അഞ്ച് ശതമാനം വില കൂടും. തുണിയുടെ നികുതി രണ്ട് ശതമാനമായി ഉയരുന്നതും വിലയില്‍ പ്രതിഫലിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K