15 August, 2022 04:58:22 PM


നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങൾ ലോക നിലവാരത്തിലെത്തി: മന്ത്രി ശിവൻകുട്ടി



തിരുവനന്തപുരം: നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങൾ ലോകനിലവാരത്തിലെത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആറ്റിങ്ങലിലെ രണ്ട് സ്‌കൂളുകളില്‍ പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്‍റെയും ലാബ്, ലൈബ്രറി മന്ദിരങ്ങളുടേയും ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്‌കൂള്‍ കിളിമാനൂര്‍, ഗവണ്‍മെന്‍റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം മിഷന്‍ പദ്ധതി, പ്‌ളാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ ഉയരുന്നതും അവയുടെ ഉദ്ഘാടനവും സാധാരണ സംഭവമായി മാറിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില്‍ കെട്ടിടങ്ങള്‍ അടച്ചു പൂട്ടേണ്ട സാഹചര്യം നിലനിന്നിരുന്ന സമയത്താണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിച്ച് അടിസ്ഥാന സൗകര്യം മികച്ചതാക്കാൻ ഈ സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ കെട്ടിടങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നുവന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ കിഫ്ബി ഫണ്ടില്‍ അനുവദിച്ചാണ് കിളിമാനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈടെക് ബഹുനില മന്ദിരം നിര്‍മ്മിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ചാണ് ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതിയ ലാബ്-ലൈബ്രറി കെട്ടിടങ്ങള്‍ പണിതത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K