12 August, 2022 10:40:07 PM


കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം



കോട്ടയം: കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം. കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത എട്ട്  ഉദ്യോഗസ്ഥരില്‍  ഒരാളാണ് കോട്ടയം കെ. കാര്‍ത്തിക്ക്. എറണാകുളം റൂറൽ എസ്.പിയായിരിക്കെ നടത്തിയ മികച്ച അന്വേഷണ പ്രവർത്തനങ്ങൾക്കാണ് പുരസ്ക്കാരം. കേരളത്തെ പിടിച്ചുലച്ച മാനസ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കാർത്തിക്ക്. 

കോതമംഗലം ഡെന്റൽ കോളജിലെ വിദ്യാർത്ഥിനിയായ മാനസയെ സുഹൃത്തായ രാഖിൽ വെടി വച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. ഈ കേസിൽ ശാസ്ത്രീയ അന്വേഷണം നടത്തി സംഭവുമായി ബന്ധപ്പെട്ട് സഹായിച്ചവരേയും, തോക്ക് നൽകിയ ബീഹാർ സ്വദേശികളെയും അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചു. പൊതു സമൂഹം ഉറ്റ് നോക്കിയ കേസായിരുന്നു ഇത്. 2011 ബാച്ച് ഐ .പി.എസ് ഉദ്യോഗസ്ഥനായ കാർത്തിക്ക് വിജിലൻസ് എസ്.പി ആയിരിക്കുമ്പോഴാണ് പാലാരിവട്ടം മേൽപ്പാലം കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. അനധികൃത ഫ്ലാറ്റ് നിർമ്മാണ കേസിന്‍റെ അന്വേഷണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. 

കലഭവൻ മണിയുടെ മരണത്തിന്‍റെ അന്വേഷണവും കാർത്തിക്കിന്‍റെ നേതൃത്വത്തിലായിരുന്നു. നിരന്തര കുറ്റവാളികളെ ജയിലിലടക്കാൻ അദ്ദേഹം ആവിഷ്ക്കരിച്ച ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലയിൽ 57 പേരെ ജയിലിലടച്ചു. 37 പേരെ നാടുകടത്തി. കോവിഡ് കാലത്ത് നടപ്പിലാക്കായ കിച്ചൻ ഗാർഡ് ചലഞ്ച്, തൗസന്‍റ് ഐസ് , രക്ത ദാനം, സേഫ് പബ്ലിക് സേഫ് പോലീസ്, ശുഭയാത്ര, നിങ്ങൾക്കരികെ, കാടിന്റെ മക്കൾക്ക് കൈത്താങ്ങ് , കരുതലിന്റെ ഭക്ഷണപ്പൊതി , തുടങ്ങി നിരവധി ജനകീയ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. 

കാർത്തിക്ക് രൂപകൽപന ചെയ്ത ഹാപ്പി അറ്റ് ഹോം എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ദേശിയ തലത്തിൽ ശ്രദ്ധ നേടി. മികച്ച അന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്‌ജ് ഓഫ് ഓണർ ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവിയായി ചാര്‍ജെടുത്തതിനു ശേഷം ചുരുങ്ങിയ കാലയളവില്‍ തന്നെ ജില്ലയിലെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ചുവരുന്നത് .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K