10 August, 2022 09:05:03 PM


ഒടുവില്‍ 'സുന്ദരി ബാര്‍' പൂട്ടിച്ച്‌ എക്സൈസ്; ചാരായം വിറ്റ സിന്ധുവും മക്കളും അറസ്റ്റില്‍



കൊല്ലം: അവധിയില്ല, ആവശ്യക്കാര്‍ക്ക് വ്യാജന്‍ മാത്രം. ഒടുവില്‍ ശൂരനാട് വടക്ക് വില്ലേജിലെ 'സുന്ദരി ബാര്‍' പൂട്ടിച്ച്‌ എക്സൈസ്. നിരവധി അബ്‌കാരി കേസുകളില്‍ പ്രതിയായ ഇടപ്പനയം മുറിയില്‍ ജനാര്‍ദ്ധനന്‍റെ ഭാര്യ സിന്ധു എന്ന് വിളിക്കുന്ന ബിന്ദു ജനാര്‍ദ്ധനനേയും മക്കളേയുമാണ് എക്സൈസ് സംഘം പിടികൂടിയത്. വീട്ടില്‍ തന്നെയായിരുന്നു സിന്ധു "സുന്ദരി ബാര്‍" എന്ന പേരില്‍ സമാന്തര ബാര്‍ നടത്തിയിരുന്നത്. കേസില്‍ മകള്‍ അമ്മു, മകന്‍ അപ്പു ഉള്‍പ്പെടെ മൂന്ന് പേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ശൂരനാട് വടക്ക് വില്ലേജില്‍ എക്സൈസ് പരിശോധന നടത്തിയത്. ഇവരുടെ വീട്ടില്‍ നിന്ന് എക്‌സൈസ് സംഘം പത്ത് ലിറ്റര്‍ ചാരായവും പിടികൂടി. വീട്ടിലെത്തിയ വനിത ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തതിലും കേസെടുത്തിട്ടുണ്ട്. മുഖ്യപ്രതി സിന്ധുവിന്‍റെ മകള്‍ അമ്മുവിന്‍റെ രാഷ്ട്രീയ പിന്‍ബലത്തിലായിരുന്നു മദ്യക്കച്ചവടം നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവം മുന്‍പും ഉണ്ടായിരുന്നു. ഇതോടെ വീടും പരിസരവും എക്സൈസിന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും ശൂരനാട് പൊലീസും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് കമ്മിഷണര്‍ ബി.സുരേഷ് കുമാര്‍ പറഞ്ഞു.

പരിശോധനയില്‍ എക്സൈസ് ഉദ്യോഗസ്ഥരായ ബി. വിഷ്ണു, മനോജ് ലാല്‍, ശ്രീനാഥ്, അജിത് ജൂലിയാന്‍, ഗംഗ, ജാസ്മിന്‍, ശശി, നിഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K