09 August, 2022 06:55:16 PM


ബൈക്ക് അപകടത്തിൽപെട്ട് രാത്രി മുഴുവൻ ആരും കാണാതെ കിടന്ന യുവാവ് മരിച്ചു



തിരുവല്ല : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആരും കാണാതെ രാത്രി മുഴുവൻ അബോധാവസ്ഥയിൽ കിടന്ന യുവാവ് മരിച്ചു. മല്ലപ്പള്ളി പരിയാരംചാങ്ങിച്ചേത്ത് വീട്ടിൽ ജോസഫ് ജോർജിന്‍റെ മകൻ സിജോ ജെറിൻ ജോസഫ് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി യുവാവിനെ കാണാനില്ല എന്ന പരാതിയെ തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിജോയെ പുലർച്ചെ 3 മണിയോടെ പുതുശേരി - പുറമറ്റം റോഡിൽ കണ്ടെത്തിയത്.  

പുതുശേരി കവലയ്ക്കു സമീപത്താണ് ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ നിലയിൽ സിജോയെ കാണപ്പെട്ടത്. റോഡിൽ നിന്ന് 4 അടിയോളം താഴ്ചയിലുള്ള തോട്ടത്തിലേക്കാണ് ബൈക്ക് മറിഞ്ഞത്. റബർത്തോട്ടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്നു സിജോയെ കിടന്നത്. റോഡിൽ നിന്ന് നോക്കിയാൽ വീണു കിടക്കുന്നത് പെട്ടെന്ന്  ശ്രദ്ധയിൽപെടില്ലായിരുന്നു. അതുകൊണ്ടാണ് ആരും കാണാതെ പോയത് എന്ന് പൊലീസ് പറഞ്ഞു. ഉടൻ  തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.  ഞായറാഴ്ച രാത്രി 10നും 12നും ഇടയിലാകാം അപകടമെന്നാണ് കരുതുന്നത്.

രാത്രിയിൽ വീട്ടിൽവരാൻ താമസിക്കുകയും ഫോണിൽ വിളിച്ചിട്ട് എടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എറണാകുളം കീസ്‌കോട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ എൻജിനീയറായിരുന്ന സിജോ കൊട്ടാരക്കരയിലെ നിർമ്മാണ ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്. അമ്മ: അക്കാമ്മ ജോസഫ്. സഹോദരങ്ങൾ: ജുബിൻ ജോസഫ്, ജൂലി മറിയം ജോസഫ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K