09 August, 2022 06:46:24 PM


ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു; പിന്നില്‍ അണിനിരക്കുക 165 എംഎല്‍എമാര്‍



പട്‌ന: ബിഹാറിൽ എൻഡിഎ ബന്ധം അവസാനിപ്പിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. ഗവര്‍ണറെ കണ്ട് അല്‍പ്പസമയം മുന്‍പാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. ബിജെപി സഖ്യം വിട്ട് പുറത്ത് വരുന്ന നിതീഷ് കുമാറിന് ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിതീഷ് തന്നെ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയേക്കും. നിതീഷിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അല്‍പ്പസമയത്തിനുള്ളില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഗവര്‍ണര്‍ക്ക് കൈമാറും.

അടുത്ത 48 മണിക്കൂറിനുള്ളില്‍ തന്നെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് സൂചന. ബിഹാറില്‍ ബിജെപി ബന്ധം വേര്‍പെടുത്തി ജെഡിയു മഹാ ഗട്ബന്ധനൊപ്പം ചേരുമ്പോള്‍ നിതീഷ് കുമാറിനു പിന്നില്‍ അണിനിരക്കുക 165 എംഎല്‍എമാര്‍. ജെഡിയുവും ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ചേരുമ്പോള്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 122 അനായാസം മറികടക്കാന്‍ സഖ്യത്തിനാവും.

243 അംഗ ബിഹാര്‍ നിയമസഭയില്‍ 45 അംഗങ്ങളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന് ഉള്ളത്. സ്വതന്ത്ര എംഎല്‍എ സുമിത് സിങ് ജെഡിയുവിന് ഒപ്പമാണ്. എല്‍ജെപിയുടെ രാജ് കുമാര്‍ സിങ് ജെഡിയുവില്‍ നേരത്തെ ലയിച്ചിട്ടുണ്ട്. ജിതന്‍ രാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നിതീഷിനൊപ്പം നില്‍ക്കുമെന്നു പ്രഖ്യാപിച്ചതോടെ ജെഡിയുവിന്റെ കണക്കില്‍ വരുന്നത് 51 എംഎല്‍എമാര്‍.

മഹാഗട്ബന്ധനിൽ ആര്‍ജെഡിയാണ് വലിയ കക്ഷി. 80 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ഇതില്‍ ഒരാളെ കോടതി ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചിട്ടുള്ളതിനാല്‍ നിലവിലെ അംഗബലം 79. ഒരാള്‍ കുറഞ്ഞിട്ടും ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ജെഡി തന്നെയാണ്. കോണ്‍ഗ്രസിന് 19 അംഗങ്ങളുണ്ട്. ഇടതുപക്ഷത്ത് സിപിഐഎംഎല്ലിന് 12ഉം സിപിഐക്കും സിപിഎമ്മിനും രണ്ടു വീതവും അംഗങ്ങള്‍. എല്ലാവരും ചേരുമ്പോള്‍ ആകെ 165.

ഗട്ബന്ധനിലെ എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കി സഖ്യത്തെ മുന്നോട്ടുകൊണ്ടുപോവാനാവും നിതീഷ് കുമാറിന്റെ ശ്രമം. ബിജെപി പക്ഷത്തുനിന്നു മാറുന്നതോടെ സ്വന്തം സോഷ്യലിസ്റ്റ് ഇമേജ് കാത്തുവയ്ക്കാനും നിതീഷിനാവും. ദേശീയതലത്തില്‍ ഇതു കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് നിതീഷിന്റെ കണക്കുകൂട്ടൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K