05 August, 2022 02:41:23 PM


മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു: പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിർദേശം



ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീതം തുറന്ന് 543 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. 9066 ഘനയടിയാണ് നീരൊഴുക്ക്. വി 2, വി 3, വി4 ഷട്ടറുകള്‍ മൂന്ന് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 137.50 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുല്ലപ്പെരിയാറിലെ മൂന്ന് സ്പില്‍ വേ ഷട്ടറുകള്‍ ഉയര്‍ത്തിയത്. സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷം, മൂന്ന് ഷട്ടറുകള്‍ കൂടി അധികമായി ഉയര്‍ത്തി പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് ആയിരം ഘനയടിയായി വര്‍ദ്ധിപ്പിയ്ക്കും.

അണകെട്ടില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ടെങ്കിലും പെരിയാര്‍ നദിയിലെ ജലനിരപ്പില്‍ കാര്യമായ മാറ്റമുണ്ടാവില്ല. നിലവില്‍ നദിയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനേക്കാള്‍ 80 സെന്‍റി മീറ്ററോളം താഴെയാണ്. മുന്നറിയിപ്പ് ലെവലിനേക്കാള്‍ ഒരു മീറ്റര്‍ കൂടി വര്‍ദ്ധിച്ചെങ്കില്‍ മാത്രമെ, ജലനിരപ്പ് അപകട മുന്നറിയിപ്പിലേയ്ക്ക് എത്തു. 6000 ഘന അടി വെള്ളം എങ്കിലും പുറത്തേയ്ക്ക് ഒഴുക്കിയാല്‍ മാത്രമെ മുന്നറിയിപ്പ് ലെവലിലേയ്ക്ക് ജലനിരപ്പ് ഉയരൂ എന്നാണ് വിലയിരുത്തല്‍. ഇക്കാരണത്താല്‍ നിലവില്‍ തീരദേശവാസികളെ മാറ്റി പാര്‍പ്പിയ്‌ക്കേണ്ട സാഹചര്യമില്ല.

എന്നാല്‍ അടിയന്തിര ഘട്ടങ്ങളില്‍ ആളുകളെ മാറ്റി പാര്‍പ്പിയ്ക്കുന്നതിനുള്ള എല്ലാവിധ സജീകരണങ്ങളും ജില്ലാ ഭരണ കൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തീര ദേശത്തെ വീടുകളില്‍ നേരിട്ടെത്തി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാറിലേയ്ക്കുള്ള നീരൊഴുക്കിലും കുറവുണ്ട്. നിലവില്‍ 5616 ഘന അടിവെള്ളമാണ് അണകെട്ടിലേയ്ക്ക് ഒഴുക്കുന്നത്. സ്പില്‍ വേയിലൂടെയും ടണല്‍ മാര്‍ഗവും ആയി ആകെ 2700 ഘന അടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.

പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ല. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. 137.4 അടി ആയിരുന്നു വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് റൂൾ കർവായ 137.5 അടിയിലെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചു. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തമാണ്. അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മഴ അതിതീവ്രമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ ഇടപെടല്‍ അടിയന്തരമായി വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടിത്തം നടത്തുന്നതും, സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യം മുന്‍നിര്‍ത്തി മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും സജ്ജീകരിച്ചു. (ഫോണ്‍ നമ്പര്‍ 04869-253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K