15 July, 2016 01:15:16 PM


പ്രൊവിഡന്‍റ് ഫണ്ട് പലിശനിരക്ക് എട്ടു ശതമാനത്തിലും താഴേക്ക്



ദില്ലി: ഹ്രസ്വകാല സര്‍ക്കാര്‍ ബോണ്ടുകള്‍ക്കും മറ്റും നല്‍കുന്ന പലിശനിരക്ക് കുറഞ്ഞതോടെ തൊഴിലാളികളുടെ പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിന്‍െറ പലിശനിരക്ക് എട്ടു ശതമാനത്തിലും താഴേക്കു പോകാനുള്ള സാധ്യത തെളിഞ്ഞു.  1978ല്‍ പി.എഫ്  പദ്ധതി തുടങ്ങിയതില്‍ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം. 


ഹ്രസ്വകാല സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശനിരക്കിനേക്കാള്‍ 0.25 ശതമാനം കൂടുതലാണ് പി.എഫ് നിക്ഷേപത്തിന് നല്‍കുന്ന നിരക്ക്.  ധനകാര്യ വിപണിയിലെ ഇപ്പോഴത്തെ നില അനുസരിച്ച്  പലിശനിരക്ക് കുറയുകയാണ്. ഇതനുസരിച്ച് പി.എഫ് നിക്ഷേപത്തിന്‍െറ പലിശനിരക്ക് കഴിഞ്ഞ മാര്‍ച്ചില്‍ 8.7 ശതമാനത്തില്‍നിന്ന് 8.1 ശതമാനമായി കുറച്ചിരുന്നു. അതിനുശേഷവും  ഹ്രസ്വകാല ബോണ്ടുകളുടെ പലിശനിരക്ക് കുറയുകയാണ്.  


10 വര്‍ഷവും താഴെയും കാലപരിധിയുള്ള ഹ്രസ്വകാല സര്‍ക്കാര്‍ ബോണ്ടുകള്‍ക്കും മറ്റും നല്‍കുന്ന പലിശനിരക്കിന്‍െറ ശരാശരി അടിസ്ഥാനമാക്കിയാണ് പി.എഫ് നിക്ഷേപത്തിന്‍െറ പലിശനിരക്ക് കണക്കാക്കുന്നത്. ഓരോ മൂന്നു മാസത്തിലും ഈ നിരക്ക് പുതുക്കും.  കഴിഞ്ഞ മാര്‍ച്ച് 19ന് പുതുക്കിയ നിരക്കനുസരിച്ച് ഹ്രസ്വകാല സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശനിരക്ക് ശരാശരി 7.5 ശതമാനമാണ്. ഇതനുസരിച്ച് പി.എഫ് ഉള്‍പ്പെടെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കിയാല്‍  അത്  7.75 ശതമാനമായി കുറയും.


പി.എഫ് നിരക്കില്‍ മാറ്റം വരുത്തുന്നത് കേന്ദ്ര സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. വ്യാപക  അതൃപ്തിക്ക് ഇടയാക്കുന്ന തീരുമാനം കേന്ദ്രം മാറ്റിവെക്കാനാണ് സാധ്യത. ഇപ്പോഴത്തെ ധനകാര്യ വിപണി നില അനുസരിച്ച് കണക്കാക്കിയാല്‍ ജൂലൈ-സെപ്റ്റംബര്‍ മാസത്തെ പി.എഫ് പലിശനിരക്ക്  എട്ടു ശതമാനത്തില്‍ താഴെയാണ് വരേണ്ടത്. എന്നാല്‍, തല്‍ക്കാലം 8.1 ശതമാനത്തില്‍തന്നെ നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അങ്ങനെ തുടരാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ധനകാര്യ വിദഗ്ധര്‍ സംശയം ഉന്നയിക്കുന്നുണ്ട്.


കാരണം, നികുതി ബാധകമായ ബാങ്ക് നിക്ഷേപത്തിന്‍െറ പലിശ എട്ടു ശതമാനത്തില്‍ താഴെ വരുമ്പോള്‍  നികുതി ബാധകമല്ലാത്ത പി.എഫിന് ഉയര്‍ന്ന പലിശ നല്‍കുന്നതില്‍ വൈരുധ്യമുണ്ടെന്നാണ് വാദം. പി.എഫ് പലിശനിരക്ക് കുറക്കുന്നതിനോട് കേന്ദ്രം അനുകൂലമാണ്. എന്നാല്‍, 2017ല്‍ നടക്കാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിലെ സാധ്യതയെ ബാധിക്കുമെന്നതിനാല്‍ ആശയക്കുഴപ്പത്തിലാണ് കേന്ദ്രം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K