01 August, 2022 08:45:24 PM


പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ഓൺലൈൻ തട്ടിപ്പും കഞ്ചാവ് വിപണനവും: യുവാവ് പിടിയിൽ.



കോട്ടയം: പോലീസ് ഉദ്യോഗസ്ഥരുടെ പേരും പദവിയും ഉപയോഗിച്ച് ഫ്ലിപ്കാർട്ട് വഴി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. കൂത്താട്ടുകുളം മണ്ണത്തൂർ പെരിങ്ങാട്ടുപറമ്പിൽ വീട്ടിൽ സന്തോഷ് മകൻ നിമിൻ ജോർജ് സന്തോഷ് (22) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വ്യാജ പേരിൽ ആരക്കുന്നത്തുള്ള പ്രമുഖ ആശുപത്രിയുടെ വിലാസത്തിൽ ഫ്ലിപ്കാർട്ടില്‍ നിന്ന് 1,84,000 രൂപ വിലമതിക്കുന്ന ക്യാമറ ഓർഡർ ചെയ്തു വാങ്ങിയശേഷം  സി.ഐ ഓഫ് പോലീസ് മണർകാട് എന്ന വ്യാജ പേര് ഉപയോഗിച്ച് ഈ ഓർഡർ ക്യാൻസൽ ചെയ്യുകയും തുടര്‍ന്ന് ഡെലിവറി റിട്ടേൺ എടുക്കാൻ വന്ന സമയത്ത് ഇയാൾ വാങ്ങിയ ക്യാമറക്ക് പകരം  വിലകുറഞ്ഞ ഉപയോഗശൂന്യമായ സമാന രീതിയിലുള്ള ക്യാമറ തിരികെ  നൽകുകയുമായിരുന്നു.


ഇതിനെ തുടർന്ന് ഡെലിവറി ഏജന്‍റിന് സംശയം തോന്നുകയും  പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ഇത് കൂടാതെ ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും കഞ്ചാവും പോലീസ് പിടികൂടി. സമാന രീതിയിൽ ഇയാൾ മറ്റു സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന്  പോലീസ് അറിയിച്ചു. മണർകാട് എസ്.എച്ച്. ഓ അനിൽ ജോർജ്, എസ് ഐ മാരായ ബിനു, അനിൽകുമാർ, പ്രസന്നൻ, സി.പി.ഓ മാരായ സുധീഷ്, വിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K