31 July, 2022 08:05:12 PM


കൊല്ലം കുംഭാവുരുട്ടിയിൽ ഉരുള്‍പൊട്ടല്‍; അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒരു മരണം



കൊല്ലം: അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ മഴവെളളപ്പാച്ചിൽ ഒഴുക്കിൽപ്പെട്ട് തമിഴ്നാട് മധുര സ്വദേശിയായ കുമരൻ മരിച്ചു. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ ചെങ്കോട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

പാറക്കെട്ടിൽ തലയിടിച്ച് വീണ ഈറോഡ് സ്വദേശി കിഷോർ (27) പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരാളെ തമിഴ്നാട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒഴുക്കിൽ പെട്ട് പാറയിടുക്കിൽ കുടുങ്ങിക്കിടന്ന അഞ്ചു പേരെ പൊലീസ് രക്ഷപ്പെടുത്തി. 14 പേരാണ് ഒഴുക്കിൽ പെട്ടത് എല്ലാവരെയും രക്ഷപ്പെടുത്തി.

അച്ചൻകോവിൽ വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് മഴവെള്ളപ്പാച്ചിൽ ഉണ്ടായത്. നൂറിലധികം വിനോദസഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞദിവസം ചെങ്കോട്ട കുറ്റാലം വെള്ളച്ചാട്ടത്തിലും മഴവെള്ളപ്പാച്ചിലിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു. 

വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കുംഭാവുരട്ടി സന്ദർശനത്തിന് എത്തിയവരാണ് ഒഴുക്കിൽപ്പെട്ടത്. അപകട സമയത്ത് അച്ചൻകോവിൽ കുംഭാവുരുട്ടി പ്രദേശങ്ങളിൽ മഴയില്ലാത്തതിനാൽ മറ്റ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. വൈകിട്ട് നാല്  മണിയോടെയാണ് ഉരുൾപൊട്ടിയതെന്നാണ് റിപ്പോർട്ടുകൾ. കുംഭാവുരട്ടി സന്ദർശനത്തിന് എത്തിയവരാണ് ഒഴുക്കിൽപ്പെട്ടത്. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K