30 July, 2022 05:00:07 PM


യുവതിയെ പെട്രോൾ ഒഴിച്ച് അഗ്നിക്കിരയാക്കി ഭർത്താവ്; സംഭവം ഭാര്യയുടെ ജോലി സ്ഥലത്ത്



കാസര്‍കോട് : കൊടോത്തുരുത്തി സ്വദേശി യുവതിയെ ഭര്‍ത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഭാര്യ ബിനീഷ (34) ജോലി ചെയ്യുന്ന ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പിലെത്തിയാണ് ഭർത്താവ് മടക്കര സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി തുരുത്തി ആലിനപ്പുറത്തെ പ്രദീപൻ(40) തീകൊളുത്തിയത്. കൈയിലും മുഖത്തും സാരമായി പൊള്ളലേറ്റ ബിനിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ദാമ്പത്യപ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഏതാനും നാളുകളായി അകന്നുതാമസിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രദീപന്‍ ഭാര്യയെ ആക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചെറുവത്തൂരിലെ വി.ആര്‍. മെഡിക്കല്‍ ഷോപ്പിലാണ് ബിനിഷ ജോലി ചെയ്യുന്നത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ മെഡിക്കല്‍ ഷോപ്പിലെത്തിയ പ്രദീപന്‍ ഭാര്യയുമായി വാക്കുതര്‍ക്കമായി. പിന്നാലെ കൈയിലുണ്ടായിരുന്ന പെട്രോള്‍ ഭാര്യയുടെ ദേഹത്ത് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. സംഭവസമയം ബിനിഷ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. കടയിലെ ഏതാനും മരുന്നുകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K