28 July, 2022 07:23:27 PM


മാനവകുലത്തിലെ പൂര്‍വ്വികരായ വാനരകുല ജാതര്‍ക്ക് നിത്യവും ഊട്ട് നടത്തുന്ന കാവ്



പത്തനംതിട്ട: മാനവ കുലത്തിലെ പൂര്‍വ്വികരായ വാനര കുല ജാതര്‍ക്ക് നിത്യവും ഊട്ട് നല്‍കുന്ന അത്യപൂര്‍വ്വ കാവാണ്‌ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്. രാവിലെ പ്രഭാത പൂജയോട് അനുബന്ധിച്ച്  കാവിലെ പ്രത്യേക ഇരിപ്പിടത്തില്‍ ആണ് വാനരന്മാര്‍ക്ക് ഊട്ടും പൂജയും നല്‍കുന്നത്. കാനന വാസികളായ വാനരന്മാര്‍ അച്ചന്‍ കോവില്‍ നദിയില്‍ സ്നാനം ചെയ്തു മാത്രമേ കാവില്‍ പ്രവേശിക്കൂ എന്ന നൂറ്റാണ്ടുകളായുള്ള വിശ്വാസം ഇന്നും നിലനില്‍ക്കുന്നു.

പ്രഭാത പൂജയ്ക്ക് മുന്നോടിയായി പഴവര്‍ഗ്ഗങ്ങള്‍, ചോറ്, പയര്‍ വര്‍ഗ്ഗങ്ങള്‍, മധുര പലഹാരം എന്നിവ തേക്കിലയില്‍ വെച്ച് വിളക്ക് കാണിച്ച് ആണ് വാനര ഊട്ട് നടത്തുന്നത്. നൂറുകണക്കിന് വാനരന്മാര്‍ കൃത്യസമയത്ത് തന്നെ കാവില്‍ വന്നു ചേര്‍ന്നു വിഭവങ്ങള്‍ ഒന്നൊന്നായി കഴിച്ചു കാനനത്തിലേക്ക് മടങ്ങും. ഏറെ വര്‍ഷമായി കാവില്‍ വാനര ഊട്ട് നടന്നു വരുന്നു.

കാര്‍ഷിക വിളകള്‍ വന്യ ജീവികള്‍ നശിപ്പിക്കാതെ ഇരിക്കാന്‍ കര്‍ഷകര്‍ നിത്യവും കാവില്‍ വാനര ഊട്ട് വഴിപാടായും സമര്‍പ്പിക്കുന്നു. കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനായി കാവില്‍ നിന്നും ഉള്ള ചുമന്ന പട്ട് "തൂപ്പായി" കൊണ്ട് പോയി കൃഷിയിടത്തില്‍ കെട്ടിയും വരുന്നു. ആദ്യവിള കല്ലേലി അപ്പൂപ്പന്‍റെ നടയില്‍ സമര്‍പ്പിച്ച്‌ വാനര ഊട്ട് നടത്തുന്ന ചടങ്ങും നിത്യവും ഉണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K