28 July, 2022 04:04:16 PM


'മൃതദേഹവുമായുള്ള സമരത്തിനു പിന്നില്‍ രാഷ്ട്രീയം'; ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു



തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപക ഫിലോമിന മരിച്ച സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു. ദേവസിയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിരുന്നുവെന്നും പാതയോരത്ത് മൃതദേഹം പ്രദർശിപ്പിച്ച് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. അതേസമയം ഞങ്ങളുടെ ആവശ്യം തീരുമാനിക്കേണ്ടത് എം.എല്‍.ഒ യോ മന്ത്രിയോ അല്ലെന്നും, അമ്മയുടെ ചികിൽസക്ക് ഒരു രൂപപോലും ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും മകൻ ഡിനോ പ്രതികരിച്ചു.


കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച ഫിലോമിന കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മന്ത്രിയും ഭരണപക്ഷ എംഎൽഎമാരും നിക്ഷേപകരുടെ പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും മരിച്ച ഫിലോമിനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കുടാതെ മൃതദേഹവുമായി ബാങ്കിനു മുന്നിൽ പ്രതിപക്ഷ കക്ഷികൾ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.


ഒടുവില്‍ ഇരിങ്ങാലക്കുട ആർഡിഒ രംഗത്തെത്തി കുടുംബത്തിന് താൽക്കാലിക ആശ്വാസധനം ബാങ്കിൽ നിന്നും വാങ്ങിച്ചു നൽകാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ബാങ്കിന് മുന്നിൽ മൃതദേഹം എത്തിച്ചത് മോശമായ കാര്യമാന്നെന്നും ചികിത്സക്ക്  ആവശ്യമായ പണം നൽകിയിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അമ്മയുടെ ചികിത്സയ്ക്കായി നാലര ലക്ഷം രൂപ തന്നു എന്ന് പറയുന്നത് കള്ളമാണെന്ന് ഫിലോമിനയുടെ മകന്‍ ഡിനോ പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K