28 July, 2022 12:30:55 PM


അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്



പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. അഗളി പഞ്ചായത്തിലെ കാവുണ്ടിക്കൽ പ്ലാമരം സ്വദേശി മല്ലികയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാത്റൂമിൽ പോവാൻ പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മല്ലികയെ കാട്ടാന എടുത്തെറിയുകയും പിന്നീട് ചവിട്ടി കൊല്ലുകയാണുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അഗളി സാമൂഹ്യാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

സംഭവത്തെ തുടർന്ന് കാട്ടാനയെ പുലർച്ച തന്നെ കാട് കയറ്റിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെ മുൻപ് കാട്ടാനയിറങ്ങിയിരുന്ന സ്ഥലമാണെങ്കിലും അടുത്തിടെയൊന്നും കാട്ടാനയെ കണ്ടിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ടാണ് രാത്രി പുറത്തിറങ്ങിയത്. എന്നാൽ അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.

ഈ പ്രദേശത്തെ കൃഷിയും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. വന്യജീവി ശല്യം തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കാട്ടാന ശല്യം തടയാൻ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ കാവുണ്ടിക്കല്ലിൽ റോഡ് ഉപരോധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K