26 July, 2022 02:16:50 PM


സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നു; രാഹുല്‍ ഗാന്ധിയും നേതാക്കളും കസ്റ്റഡിയില്‍



ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യാനാരംഭിച്ചു.  ചോദ്യം ചെയ്യലിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ മാർച്ച് നടത്തുന്നു. സോണിയാ ഗാന്ധിയെ ഇഡി വിളിച്ചുവരുത്തിയതിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. മല്ലികാർജുൻ ഖാർഗെ, രഞ്ജീത് രഞ്ജൻ, കെസി വേണുഗോപാൽ, മാണിക്കം ടാഗോർ, ഇമ്രാൻ പ്രതാപ്ഗർഹി, കെ സുരേഷ് എന്നിവരുൾപ്പെടെ മറ്റ് പാർട്ടി നേതാക്കളെയും കസ്റ്റഡിയിലെടുത്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ സോണിയാ ഗാന്ധിയില്‍ നിന്നും ചോദിച്ചറിയാന്‍ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. പ്രിയങ്കയും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കേന്ദ്രസർക്കാരിനെ "സ്വേച്ഛാധിപത്യം" എന്ന് ആക്ഷേപിച്ച രാഹുൽ, പാർലമെന്‍റിനുള്ളിൽ ചർച്ച നടത്താൻ തങ്ങളെ അനുവദിക്കുന്നില്ലെന്നും പ്രതിഷേധത്തിനിടെ നേതാക്കളെ അറസ്റ്റ് ചെയ്യുകയാണെന്നും ആരോപിച്ചു. ഇന്ത്യ ഒരു പോലീസ് രാഷ്ട്രമാണ്, മോദി ഒരു രാജാവാണെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. 

നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുക്കുന്നതിൽ ഗാന്ധിമാരുടെ ഭാഗത്തുനിന്ന് വഞ്ചനയും ഫണ്ട് ദുർവിനിയോഗവും ആരോപിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി 2013-ൽ സമർപ്പിച്ച ഹർജിയുടെ ഫലമായുള്ള കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. രണ്ടാംവട്ട ചോദ്യചെയ്യലിനായാണ് സോണിയ ഗാന്ധി ഇന്ന് രാവിലെ ഇ ഡി ഓഫീസിലെത്തിയത്. അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്.

തിങ്കളാഴ്ച ഹാജരാകാനായിരുന്നു നേരത്തെ സോണിയയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുന്നതിനാല്‍ ചോദ്യം ചെയ്യാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച്‌ മൂന്ന് മണിക്കൂര്‍ ആയിരിക്കും ഇന്ന് സോണിയയെ ചോദ്യം ചെയ്യുക. സോണിയയെ ഇ ഡി വേട്ടയാടുന്നെന്ന് ആരോപിച്ച്‌ ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരുകയാണ്. 

അതേസമയം സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നു ആരോപിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ദൻബാദ് - ആലപ്പുഴ ട്രെയിൻ തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മലപ്പുറത്ത് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലും യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കോട്ടയത്ത്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K