25 July, 2022 08:41:06 PM


ഗോത്രസംസ്‌കൃതിയെ നിലനിർത്തി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവുബലി



പത്തനംതിട്ട : 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ  താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) കർക്കടക വാവ് ബലി, പിതൃ തർപ്പണം, ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, വാവൂട്ട് എന്നിവ 28ന് രാവിലെ 4 മണി മുതൽ നടക്കും. കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാനഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും.

രാവിലെ നാല് മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മലദൈവങ്ങള്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം. 4.30 മുതല്‍ ഭൂമിപൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ എന്നിവയും 5 മണി മുതല്‍ കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച് കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും പർണ്ണ ശാലയില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. തുടര്‍ന്ന് കര്‍ക്കടക വാവ് ബലി കര്‍മ്മവും സ്നാനവും നടക്കും.

രാവിലെ 8.30 ന് കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത വന്ദനം, 9 മണിയ്ക്ക് നിത്യ അന്നദാനം, 10 മണിയ്ക്ക് ആദ്യ ഉരു മണിയന്‍ പൂജ , ഹരി നാരായണ പൂജ , പർണ്ണ ശാല പൂജ, 11.30 ന് നിവേദ്യ പൂജ , വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം, ദീപ നമസ്ക്കാരം തുടര്‍ന്ന് വാവൂട്ട് ചടങ്ങുകള്‍ എന്നിവയും നടക്കും. പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ദുരന്ത നിവാരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആരോഗ്യം , റവന്യൂ , വനം , പോലീസ് , എക്സൈസ് , ഫയര്‍ ഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ സേവനം കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും ഏകോപിപ്പിക്കും.

കെ എസ് ആർ ടി സി സ്പെഷ്യൽ ബസ്

കർക്കടക വാവ് ദിനത്തിൽ രാവിലെ 5 മണി മുതൽ കോന്നിയില്‍ നിന്ന് കെ എസ് ആര്‍ ടി സി യുടെ സ്പെഷ്യല്‍ ബസുകള്‍  കല്ലേലി അപ്പൂപ്പന്‍ കാവിലേക്ക് സര്‍വ്വിസ് നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K