20 July, 2022 06:53:32 PM


സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഉത്പന്നങ്ങൾ വെക്കാൻ കൈക്കൂലി: മാനേജർ അറസ്റ്റിൽ



പാലക്കാട്: സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വെയ്ക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സപ്ലൈകോ മാനേജറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടവന്നൂർ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് മാനേജർ മണികണ്ഠനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. എറണാകുളം കേന്ദ്രീകരിച്ച് മൂന്ന് സ്ത്രീകൾ നടത്തുന്ന ത്രീ വീസ് കമ്പനിയുടെ ഉല്പന്നങ്ങൾ വിൽക്കുന്നതിനാണ് മാനേജർ കൈക്കൂലി  ആവശ്യപ്പെട്ടത്. 

സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വില്പനയ്ക്ക് വെക്കാൻ പത്തു ശതമാനം കമ്മീഷൻ നൽകണമെന്നായിരുന്നു ആവശ്യം.  കൈക്കൂലി നൽകാനാവില്ലെന്ന് കമ്പനി ഉടമകൾ അറിയിച്ചു. സംഭവത്തിൽ കമ്പനി മാർക്കറ്റിംഗ് സ്റ്റാഫ് വിഷ്ണു പ്രസാദ് വിജിലൻസിന് പരാതി നൽകിയിരുന്നു. വിജിലൻസിന്‍റെ നിർദ്ദേശ പ്രകാരം 13,986 രുപയുടെ സാധനങ്ങൾ വടവന്നൂർ സൂപ്പർ മാർക്കറ്റിംഗിലേക്ക് വിതരണം ചെയ്തു. ഇതിനായി 1400 രൂപ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് വിജിലൻസ് സപ്ലൈകോ - മാനേജർ  മണികണ്ഠനെ അറസ്റ്റ് ചെയ്തത്. മറ്റു ജില്ലകളിലും ഈ കമ്പനിയുടെ ഉല്പപന്നങ്ങൾ  വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് കമ്പനി അധികൃതർ പറയുന്നു.

എറണാകുളം സ്വദേശി വർഷ, സഹോദരിമാരായ വിസ്മയ, വൃന്ദ എന്നിവർ ചേർന്ന് നടത്തുന്ന കമ്പനിയാണിത്. എംബിഎ പാസായ വർഷ  2019 ലാണ് സഹോദരിമാർക്കൊപ്പം ഈ സംരംഭം ആരംഭിക്കുന്നത്. തുടക്കത്തിൽ പെരുങ്കായം മാത്രമായിരുന്നു ഉൽപന്നമെങ്കിലും ഇപ്പോൾ കായത്തിനു പുറമേ മുളക്, മഞ്ഞൾ, മല്ലി, ഗോതമ്പ് തുടങ്ങി വിവിധതരം പൊടികള്‍ ഉൾപ്പടെ മുപ്പതോളം ഉല്പന്നങ്ങൾ വിപണിയിലുണ്ട്. ഇത്തരം സ്വയം സംരംഭങ്ങളെ സർക്കാർ പ്രോത്സാഹിപ്പിയ്ക്കുമ്പോഴാണ് ഉല്പന്നങ്ങൾ വെക്കാൻ കമ്മീഷൻ ആവശ്യപ്പെട്ട് സപ്ലൈകോ ഉദ്യോഗസ്ഥൻ അനുമതി നിഷേധിച്ചത് വന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K