17 July, 2022 09:25:32 PM


മണി ചെയിൻ മാതൃകയിൽ നൂറുകോടി രൂപയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശി അറസ്റ്റിൽ



കണ്ണൂർ: മണി ചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തിയ കേസിൽ കണ്ണൂർ കൂത്തുപറമ്പ് പോലീസ്  ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലാണ് പിടിയിലായത്. സംസ്ഥാനത്ത് ഉടനീളം പലരിൽ നിന്നുമായി മുഹമ്മദ് ഫൈസൽ ഉൾപ്പെട്ട സംഘം 100 കോടി രൂപയോളം തട്ടിയതായാണ് പോലീസിന് ലഭിച്ച വിവരം. കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന പേരിൽ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് ഇരയാക്കിയത്. സംസ്ഥാനത്തിന് പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മണിചെയിൻ മാതൃകയിൽ ആളുകളെ ചേർത്ത് നിക്ഷേപം സ്വീകരിച്ചത്. 

കൂത്തുപറമ്പിൽ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. പലരും പരാതിയുമായി രംഗത്ത് വന്നതോടുകൂടിയാണ് പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. അസി. പോലീസ് കമ്മിഷണർ പ്രദീപൻ കണ്ണിപ്പൊയിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ച് വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. തുടർന്നാണ് സംഘത്തിലെ പ്രധാന കണ്ണിയായ മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കവെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് ഫൈസൽ പോലീസിന്‍റെ പിടിയിലായത്. കൂത്തുപറമ്പ് സിഐ ബിനുമോഹന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 

സംഘത്തെ വിശ്വസിച്ച് ഒന്നരക്കോടി രൂപവരെ നിക്ഷേപിച്ചവരുണ്ട്. പ്രതിവർഷം വലിയ തുക തിരിച്ചുകിട്ടും എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന പേരിൽ ബാങ്കോക്കിലും തായ്‌ലൻഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചും നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാൽ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത്തരം കമ്പനികൾ കണ്ടെത്താനായില്ല. ആളുകളെ ചേർക്കുന്നതിന് പലയിടങ്ങളിലും ഏജന്റുമാരെയും സംഘം ഏർപ്പാടാക്കിയിരുന്നു. ആദ്യഘട്ടങ്ങളിൽ ചെറിയ തുക ലാഭവിഹിതമായി നൽകിയാണ് ഇടപാടുകാരുടെ വിശ്വാസം ആർജിച്ചത്. എന്നാൽ പിന്നീട് പണം കിട്ടാതായതോടെ പലരും പരാതിയുമായി രംഗത്ത് വന്നു. അങ്ങനെയാണ് തട്ടിപ്പ് പുറത്തായത്. 

തൃശ്ശൂർ, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട് എറണാകുളം തുടങ്ങിയ ജില്ലകളിലും സമാനമായ കേസുകൾ നിലവിലുണ്ട്. പദ്ധതിയിൽ ചേരുന്നവർക്ക് മൊബൈൽ ആപ്ലിക്കേഷനും യൂസർ ഐ.ഡി.യും പാസ്‌വേർഡും നൽകിയിട്ടുണ്ട്. മട്ടന്നൂർ സ്വദേശിയായ മുഹമ്മദലിയാണ് കേസിലെ ഒന്നാംപ്രതി. കൂടാതെ കമ്പനിയുടെ 12-ഓളം ഡയറക്ടർമാരും പ്രതികളാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരും എന്നാണ് പോലീസ് കരുതുന്നത്. അപ്പോൾ മാത്രമേ തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തിയും വ്യക്തമാക്കുകയുള്ളൂ. 

സംസ്ഥാനത്ത് ആളുകൾക്കിടയിൽ മണിചെയിൻ പദ്ധതികളെ സംബന്ധിച്ചുള്ള അജ്ഞത മുതലെടുത്താണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത് എന്നും, ജനങ്ങൾ ഇത്തരക്കാരുടെ വലയിൽ വീഴാതിരിക്കാനുള്ള ജാഗ്രത പുലർത്തണമെന്നും പോലീസ് ആവശ്യപ്പെടുന്നു. കേരളത്തിൽ അടുത്തകാലത്ത് ഉണ്ടായ ഏറ്റവും വലിയ മണി ചെയിൻ തട്ടിപ്പുകളിൽ ഒന്നാവും ഇതൊന്നും പോലീസ് കരുതുന്നു. മറ്റു പ്രതികൾ പിടിയിലാകുന്നതോടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K