11 July, 2022 05:43:09 PM


പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രഥമം പ്രതിരോധം ക്യാമ്പയിന്‍ 31 വരെ; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു



കോട്ടയം: പകര്‍ച്ചവ്യാധികള്‍ക്കെതിരെ നടപ്പാക്കുന്ന പ്രഥമം പ്രതിരോധം ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി.  എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പേവിഷബാധ എന്നിവ തടയുന്നതിനു ജൂലൈ 31 വരെ നടത്തുന്ന ക്യാമ്പയിനിന്റെ  ലോഗോ  പ്രകാശനം ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ നിര്‍വഹിച്ചു. 

മഴ കനത്തതോടെ ജില്ലയില്‍ വിവിധ തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് ജില്ലാ രോഗ നിരീക്ഷണ സെല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ ബാധിക്കുന്നവരുടെയും പട്ടികടി ഏല്‍ക്കുന്നവരുടെയും എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മഴക്കാല പ്രതിരോധത്തിനായുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ പറഞ്ഞു. 

പരിപാടിയുടെ ഭാഗമായി കൊതുക് ഉറവിട നിര്‍മാര്‍ജ്ജനം, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷന്‍, എലിപ്പനി പ്രതിരോധ മരുന്ന് വിതരണം, ബോധവത്കരണ ക്ലാസ്സുകള്‍ എന്നിവ സംഘടിപ്പിക്കും. ഡെങ്കിപ്പനി പ്രതിരോധത്തിനായി സ്‌കൂള്‍, വീട്, ജോലിസ്ഥലങ്ങള്‍, കൈതച്ചക്ക-റബ്ബര്‍ തോട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൊതുക് ഉറവിടനിര്‍മ്മാര്‍ജ്ജനം നടത്തും.  ജൂലൈ  15, 22, 29 തീയതികളില്‍ സ്‌കൂളുകള്‍, 16, 23, 30 തീയതികളില്‍ ജോലിസ്ഥലങ്ങള്‍, തോട്ടങ്ങള്‍, 17, 24, 31 തീയതികളില്‍  വീടുകള്‍ എന്നിങ്ങനെയായിരിക്കും കൊതുകു നിര്‍മാര്‍ജ്ജനം നടത്തുക.  

ജൂലൈ 18 മുതല്‍ 21 വരെ കര്‍ഷകത്തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി തൊഴിലിന്റെ ഭാഗമായി മലിനജല സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെ വീട്ടിലെത്തി ഒരു മാസം കഴിക്കേണ്ട എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ വിതരണം ചെയ്യും.  ആശാ പ്രവര്‍ത്തകരായിരിക്കും ഗുളിക വിതരണം നടത്തുക.

മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിന് ജൂലൈ 25 മുതല്‍ 28 വരെ പൊതു, സ്വകാര്യ കിണറുകള്‍ ഉള്‍പ്പെടെ എല്ലാ കുടിവെള്ള സ്രോതസുകളും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യും.  സ്വകാര്യ കിണറുകള്‍ വീട്ടുകാരുടെ കൂടി സഹകരണത്തോടെയായിരിക്കും ക്ലോറിനേറ്റ് ചെയ്യുക.  വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് സ്‌കൂളുകളില്‍ നഴ്‌സുമാരുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.

കുഞ്ഞുങ്ങള്‍ക്ക് വയറിളക്കമുണ്ടായാല്‍ ഒ.ആര്‍.എസ് ചികിത്സ ഉറപ്പുവരുത്തുന്നതിനായി അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ ഉള്ള എല്ലാ വീടുകളിലും ഒ.ആര്‍.എസ് പാക്കറ്റുകള്‍ എത്തിച്ചു നല്‍കും.  ആശാ -അങ്കണവാടി പ്രവര്‍ത്തകര്‍ ആവശ്യത്തിന് കരുതല്‍ ഒ ആര്‍ എസ് പാക്കറ്റുകള്‍ സൂക്ഷിക്കും. ഒ ആര്‍ എസ് ഉപയോഗിക്കുന്നവിധവും പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കുന്നതിന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഒ  ആര്‍ എസ് ദിനമായ ജൂലൈ 29ന് ബോധവത്കരണം നടത്തും.

പേവിഷബാധ പ്രതിരോധത്തിനായി വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കും കുടുംബ അംഗങ്ങള്‍ക്കും വാക്സിനേഷന്‍, പ്രഥമ ചികിത്സ തുടങ്ങിയവ സംബന്ധിച്ച്  ബോധവത്കരണ ലഘുലേഖകള്‍ നല്‍കും. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.  എന്‍ പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്, ജില്ലാ രോഗ നിരീക്ഷണ ഓഫീസര്‍ ഡോ. കെ.കെ. ശ്യാംകുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യ കേരളം പി ആര്‍ ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K