07 July, 2022 12:44:09 PM


സജി ചെറിയാനെതിരെ കേസ്; ചുമത്തിയത് മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങൾ



പത്തനംതിട്ട: ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തിൽ സജി ചെറിയാനെതിരെ കേസെടുത്തു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കോടതി നിർദ്ദേശ പ്രകാരം പത്തനംതിട്ട കീഴ്വായ്പൂർ പൊലീസാണ് കേസെടുത്തത്. ഇത് സംബന്ധിച്ച് പൊലീസ് എഫ്‌ഐആർ ഇട്ടു. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

രാജിവച്ചതിൽ തനിക്ക് വിഷമമില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. പ്രയാസമൊന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാൻ പറഞ്ഞു. ഏറെ വിവാദങ്ങൾക്കൊടുവിൽ ഇന്നലെയാണ് സജി ചെറിയാൻ രാജി വച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിലാണ് രാജി.

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിർത്താൻ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമർശം നടത്തിയ മന്ത്രിക്കെതിരെ കർശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. സജി ചെറിയാന്റെ വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം പുതിയ മന്ത്രിയുണ്ടായേക്കില്ല. സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഏറ്റെടുക്കുമെന്നാണ് വിവരം.

അതിനിടെ, സജി ചെറിയാൻ എംഎൽഎ സ്ഥാനം ഒഴിയണമെന്ന പിടിവാശി പ്രതിപക്ഷം ഉപേക്ഷിച്ചേക്കുമെന്നാണ് വിവരം. നിയമസഭയിൽ റൂളിംഗിനും ചർച്ചയ്ക്കുമിടെ ഉന്നയിക്കാനാണ് നീക്കം. നിയമനടപടികൾ തുടരാനും പ്രതിപക്ഷത്തിൽ ധാരണയായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K