03 July, 2022 01:20:20 PM


വിമത എംഎൽഎമാർ താമസിച്ച ഹോട്ടലിൽ കള്ളപ്പേരിൽ മുറിയെടുത്ത സ്ത്രീയും പുരുഷനും അറസ്റ്റിൽ



പനാജി: മഹാരാഷ്ട്രയിൽ നിന്നുള്ള വിമത എംഎൽഎമാർ താമസിക്കുന്ന സംസ്ഥാനത്തെ ഡോണ പോളയിലെ നക്ഷത്ര ഹോട്ടലിൽ തെറ്റായ തിരിച്ചറിയൽ രേഖ നൽകി മുറിയെടുത്ത പുരുഷനെയും സ്ത്രീയെയും ഗോവ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. യുവതി ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളയാളാണെന്നും പ്രതികളുടെ പേരുകൾ വെളിപ്പെടുത്താതെ പൊലീസ് പറഞ്ഞു.

വ്യാജ പേരുകളിൽ ഇരുവരും ഒരു ദിവസം ഹോട്ടലിൽ താമസിച്ചുവെന്നും ആൾമാറാട്ടത്തിന് അറസ്റ്റിലായെന്നും പനാജി പോലീസ് ഇൻസ്പെക്ടർ സൂരജ് ഗവാസ് പറഞ്ഞു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയെ പിന്തുണയ്ക്കുന്ന 50 എംഎൽഎമാർ ജൂൺ 29 ന് ഇവിടെ താമസത്തിന് എത്തിയതോടെ ഹോട്ടലിന് ചുറ്റും പോലീസ് കനത്ത സുരക്ഷാ വലയം സ്ഥാപിച്ചിരുന്നു. മാധ്യമപ്രവർത്തകരെപ്പോലും അകത്ത് പ്രവേശിപ്പിച്ചില്ല. എംഎൽഎമാർ വരുന്നതിന് മുമ്പാണ് അറസ്റ്റിലായവർ ഈ ഹോട്ടലിൽ മുറിയെടുത്തത്.

തെറ്റായ തിരിച്ചറിയൽ രേഖ നൽകിയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവർ വ്യാജരേഖ ചമച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്തിനാണ് മുറിയെടുത്തത് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു. രണ്ട് ദിവസം മുമ്പ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ശനിയാഴ്ച വൈകുന്നേരമാണ് എംഎൽഎമാർ മുംബൈയിലേക്ക് പോയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K