30 June, 2022 06:15:20 PM


ഭര്‍ത്താവിന്‍റെ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഭാര്യ തട്ടിയെടുത്തത് ലക്ഷങ്ങളുടെ സ്വത്ത്



മുര്‍ഷിദാബാദ്: പ്രവാസിയായ ഭര്‍ത്താവിന്‍റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി യുവതി പണവും മറ്റ് സ്വത്തുക്കളും തട്ടിയെടുത്തതായി പരാതി. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ബരാന സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ നൂര്‍ജമാല്‍ ഷെയ്ക്ക് എന്നയാളാണ് ഭാര്യയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

അഞ്ച് വര്‍ഷം മുന്‍പാണ് നൂര്‍ജമാല്‍ സൗദിയില്‍ ജോലിയ്ക്കായി പോയത്. ഭാര്യ ഷാഹിന ഖാത്തൂന്‍ ആയിരുന്നു ബാങ്ക് നിക്ഷേപത്തിന്‍റെ അവകാശി. ഭര്‍ത്താവ് സൗദിയിലേയ്ക്ക് പോയതോടെ ഷാഹിന ഇയാളുമായുള്ള ആശയ വിനിമയം നിര്‍ത്തി. സൗദിയില്‍ നിന്ന് പെട്ടെന്ന് തിരികെ വരാത്തതിനാല്‍ ഭാര്യ തന്നെ ഉപേക്ഷിച്ച് വീട് വിട്ട് പോയി എന്നാണ് നൂര്‍ജമാല്‍ വിശ്വസിച്ചിരുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ എത്തിയപ്പോഴാണ് തന്‍റെ ബാങ്ക് നിക്ഷേപം മുഴുവനും ഭാര്യ തട്ടിയെടുത്തതായി നൂര്‍ജമാലിന് മനസ്സിലായത്.

നൂര്‍ജമാലിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഷാഹിന നിക്ഷേപം പിന്‍വലിച്ചതെന്ന് ബാങ്ക് മാനേജര്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്‍റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുകയും ഭാര്യ ഇതേ രീതിയില്‍ ക്ലെയിം ചെയ്തിരുന്നു. മാത്രമല്ല, നൂര്‍ജമാലിന്‍റെ പേരിലുള്ള സ്വത്തുക്കളും വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഭാര്യ സ്വന്തം പേരിലാക്കിയിരുന്നു. നൂര്‍ജമാല്‍ മരിച്ചു എന്നാണ് ബാങ്ക് മാനേജരും വിശ്വസിച്ചിരുന്നത്. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാലും ഭാര്യ ഷാഹിന നോമിനി ആയതിനാലും മറ്റ് സാങ്കേതിക തടസ്സങ്ങളൊന്നും നിക്ഷേപം പിന്‍വലിക്കുന്നതില്‍ ഉണ്ടായില്ല.

എന്നാൽ ഈ തട്ടിപ്പ് വിവരം അധികൃതരെ അറിയിച്ചിട്ടും ഫലമില്ലെന്നാണ് നൂര്‍ജമാല്‍ പറയുന്നത്. '25 ലക്ഷത്തോളം രൂപ ഭാര്യ തട്ടിപ്പിലൂടെ കൊണ്ട് പോയി. അവള്‍ക്ക് വിവാഹത്തിന് ശേഷം മറ്റൊരു ബന്ധം ഉണ്ടായിരുന്നു. എനിയ്ക്ക് നീതി കിട്ടണം' നൂര്‍ജമാല്‍ ആവശ്യപ്പെട്ടു. ഷാഹിന അടക്കം തന്‍റെ കുടുംബാഗങ്ങളെ ഒന്നും കാണാനില്ലെന്നും നൂര്‍ജമാല്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K