17 June, 2022 12:42:24 PM


80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചു; അമ്പരപ്പോടെ അലാലുദീന്‍ ഓടിയത് പോലീസ് സ്റ്റേഷനിലേക്ക്



മൂവാറ്റുപുഴ: വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിനര്‍ഹനായ അസം സ്വദേശി അമ്പരപ്പ് വിട്ടുമാറാതെ ഓടിയത് പോലീസ് സ്റ്റേഷനിലേക്ക്. തുടര്‍ന്ന് ബാങ്കിലെത്തിയത് പോലീസിന്‍റെ സഹായത്തോടെ. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ താമസിച്ച് തടിപ്പണി ചെയ്യുന്ന അലാലുദ്ദീനാണ് പെട്ടെന്ന് ഒരു ദിവസം ലക്ഷാധിപതിയായപ്പോള്‍ അമ്പരന്നുപോയത്. സന്തോഷത്തോടൊപ്പം ഭയവും ഇരട്ടിച്ചതോടെയാണ് അലാലുദ്ദീന്‍ നേരെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് ചെന്നത്. 

സ്റ്റേഷനിലെത്തി പിആര്‍ഒ അനില്‍കുമാറിന്‍റെ കൈയില്‍ ടിക്കറ്റ് ഏല്‍പ്പിച്ചശേഷം പോലീസുകാരോട് കാര്യങ്ങള്‍ വിശദീകരിച്ച് കഴിഞ്ഞപ്പോഴേക്കും സമയം വൈകിട്ട് ആറര കഴിഞ്ഞു. ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും പരിശോധിച്ച പോലീസ് അലാലുദ്ദീനൊപ്പം നേരേ ബാങ്ക് ഓഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലെത്തി മാനേജർ ബിജോമോനോട് കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾതന്നെ ലോട്ടറി കൈപ്പറ്റി മാനേജർ രസീത് നല്കി. 

വ്യാഴാഴ്ച മൂവാറ്റുപുഴ ശാഖയിൽ മാനേജരായി ചുമതല എടുത്തതേയുണ്ടായിരുന്നുള്ളു ബിജോ. ഇതോടെ മാനേജര്‍ക്കും തന്‍റെ ആദ്യ ദിനം അവിസ്മരണീയമായി. വെള്ളിയാഴ്ച ബാക്കി നടപടികൾ പൂർത്തിയാക്കും. അലാലുദ്ദീൻ കഴിഞ്ഞ 15 വർഷത്തോളമായി കേരളത്തിലുണ്ട്. രണ്ട്‌ മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം നാട്ടിലാണ്. അവരെ വിളിച്ച് സന്തോഷ വിവരം അറിയിച്ചു. മൂവാറ്റുപുഴയില്‍ കാല്‍നടയായി ലോട്ടറി വിൽക്കുന്ന ആളിൽ നിന്നാണ് അലാലുദ്ദീന്‍ ടിക്കറ്റെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K