17 June, 2022 10:40:49 AM


ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നീട്ടിവളര്‍ത്തിയ താടിയെചൊല്ലി നഗരസഭ കൗൺസിലിൽ കയ്യാങ്കളി



മൂവാറ്റുപുഴ: ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നീട്ടിവളര്‍ത്തിയ  താടിയെ ചൊല്ലി  മൂവാറ്റുപുഴ നഗരസഭ കൗൺസിലിൽ കയ്യാങ്കളി. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നീട്ടി വളര്‍ത്തിയ താടി നാടിന് അപമാനമാണെന്ന ഇടത് പ്രതിപക്ഷ അംഗങ്ങളുടെ പരാമര്‍ശമാണ് കയ്യാങ്കളിയ്ക്ക് ഇടയാക്കിയത്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് യൂണിഫോമില്‍ നീട്ടി വളര്‍ത്തിയ താടിയുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി വേണമെന്നു പ്രതിപക്ഷ കൗൺസിലർമാർ കൗൺസിലിൽ ആവശ്യപ്പെട്ടു.

ഇതിനെതിരെ യുഡ‍ിഎഫിലെ ചില കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് തർക്കം രൂക്ഷമായത്. കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. ചെയർമാൻ താക്കീത് നൽകിയതോടെയാണ് ബഹളം അവസാനിച്ചത്. പിഡബ്ല്യുഡി നിരക്ക് അമിതമായി വർധിപ്പിച്ചതും നഗരസഭയിൽ ജീവനക്കാരുടെ ഒഴിവു നികത്തുന്നതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയ്ക്കിടയിലാണ് സിപിഎം കൗൺസിലറായ ജാഫർ സാദിഖ് ഹെൽത്ത് ഇൻസ്പെക്ടറുടെ നീട്ടി വളർത്തിയ താടിയെ കുറിച്ച് പരാമർശിച്ചത്.

ഇദ്ദേഹം കീഴ്ജീവനക്കാരോടു മോശമായാണ് പെരുമാറുന്നതെന്നും കൗൺസിലർ ആരോപിച്ചു. അതേസമയം ജോലിയിൽ കർശന നിലപാടുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥനെതിരെ ജീവനക്കാരുടെ ഇടതു സംഘടനയിൽ അംഗങ്ങളായവരിൽ ചിലർ പരാതി നൽകിയിരുന്നുവെന്നും അതാണ് ഉദ്യോഗസ്ഥന് എതിരെയുള്ള പ്രതിപക്ഷ കൗൺസിലർമാരുടെ നീക്കത്തിനു പിന്നിലെന്നും ഭരണകക്ഷി അംഗങ്ങൾ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K