16 June, 2022 04:30:56 PM


സ്‌കൂളിലേക്ക് വരാന്‍ ബസ് ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം



തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം. പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ജെ ഡാനിയലിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ തന്നെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഡാനിയേലിനെ മര്‍ദ്ദിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ചയാണ് സംഭവം നടന്നത്. രാവിലെ സ്‌കൂളിലേക്ക് വരാന്‍ ബസ് ഇറങ്ങുമ്പോള്‍ ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്നായിരുന്നു ഡാനിയേലിനെ വിദ്യാർഥികള്‍ ആക്രമിച്ചത്.

മര്‍ദനമേറ്റ് അവശനായ ഡാനിയേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ആക്രമിച്ച വിദ്യാര്‍ത്ഥികളും ഡാനിയേലുമായി മുന്‍പ് തര്‍ക്കമുണ്ടായിരുന്നു.ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. വിദ്യാര്‍ഥിയോടും രക്ഷിതാക്കളോടും നേരിട്ട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K