12 June, 2022 09:01:21 AM


തൃശൂര്‍ പാലസ് റോഡ് അടച്ചിട്ട് 14 മണിക്കൂര്‍; മുഖ്യമന്ത്രിയുടെ സുരക്ഷയിൽ നട്ടം തിരിഞ്ഞ് ജനം



തൃശൂര്‍: നഗരമധ്യത്തിലെ പാലസ് റോഡ് അടച്ചിട്ട് 14 മണിക്കൂര്‍ പിന്നിട്ടു. മുഖ്യമന്ത്രി രാമനിലയത്തില്‍ താമസിക്കുന്നതിനാല്‍ സുരക്ഷയുടെ പേരിലാണ് നടപടി. ഇന്നലെ വൈകിട്ട് 6.45 അടച്ച റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. ഒന്‍പതു മണിക്ക് ശേഷം മലപ്പുറത്തേക്ക് പോകുന്നതുവരെ നിയന്ത്രണം തുടരും. രാമനിലയത്തിൽ മാത്രം എ.സി ക്യാമ്പ് കമാൻറൻ്റ് അജയന്റെ നേതൃത്വത്തിൽ 50 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

പാലസ് റോഡിൽ 30 പൊലീസുകാരെയും രാമനിലയത്തിന് ചുറ്റും 20 പൊലീസുകാരെയും നിയോഗിച്ചു. ചങ്ങരംകുളം ജില്ലാ അതിർത്തി വരെയുള്ള റോഡ് സുരക്ഷയ്ക്ക് തൃശൂർ എസിപി രാജു, കുന്നംകുളം എസിപി ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ 100 ലേറെ പോലീസുകാരെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കൊരുക്കുന്നത് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങൾ. മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

എസ് പി നേരിട്ട് സുരക്ഷക്ക് മേൽനോട്ടം വഹിക്കും. മുഴുവൻ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാർക്കാണ് ചുമതല നൽകിയിട്ടുള്ളത്. പൊന്നാനി കുറ്റിപ്പുറം റോഡ് 9 മണിക്ക് ശേഷം അടക്കും. അതിനിടെ തവനൂരിൽ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിച്ചു. ജയിൽ സന്ദർശിക്കാൻ എത്തിയവരുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു പകരം മഞ്ഞ മാസ്ക് നൽകി. പൊതുജനങ്ങൾ ബദൽ റോഡ് ഉപയോഗിക്കാൻ നിർദേശം. അതേസമയം വേദിക്ക് പുറത്ത് പ്രതിഷേധിക്കാനാണ് യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകരുടെ തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K