06 June, 2022 07:13:47 PM


സാംസ്ക്കാരിക നഗരിയുടെ ആന ഡോക്ടർക്ക് പൂരപ്രേമി സംഘത്തിൻ്റെ ആദരം



തൃശൂർ: പൂരോൽസവങ്ങളിലെ അവിഭാജ്യ ഘടകമായ ആനകളെ സംരക്ഷിക്കാനും ചികൽസിക്കാനും കാൽ നൂറ്റാണ്ടിലധികമായി രാപ്പകൽ പ്രവർത്തിക്കുന്ന തൃശൂരിലെ പ്രശസ്തനായ ഡോ. പി.ബി. ഗിരിദാസിനെ പൂരപ്രേമി സംഘം  ആദരിച്ചു. പി.ബി.ഗിരിദാസ് സർവീസിൻ്റെ ഇരുപത്തി അഞ്ചാം വർഷത്തോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പിൻ്റെ പ്രകാശനവും ഈ വേദിയിൽ നടന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ ശിവകുമാറും ഗിരിദാസുമൊന്നിച്ചുള്ള ചിത്രമാണ് സ്റ്റാമ്പ് ആയി ഇറക്കിയത്. മച്ചാട് വേണുഗോപാലിൻ്റെ നേതൃത്വത്തിൽ കൊമ്പ് പറ്റോടെ ചടങ്ങുകൾ ആരംഭിച്ചു.

പൂരപ്രേമി സംഘം രക്ഷാധികാരി നന്ദൻ വാകയിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാമ്പിൻ്റെ പ്രകാശനവും നിർവഹിച്ചു. പൂരത്തിനും സാംസ്ക്കാരിക നഗരിക്കും പി.ബി. ഗിരിദാസിൻ്റെ സേവനം വിലമതിക്കാനാവാത്തതാണ് എന്ന് പ്രസിഡണ്ട് വി.നന്ദകുമാർ പറഞ്ഞു. തൃശൂരിലെ പ്രസിദ്ധ ആന ചികൽസകരായ ഡോ. കെ.സി. പണിക്കർ, കൈമൾ, ചീരൻ ത്രയത്തിനു ശേഷം തൃശൂരിലെ പ്രസിദ്ധനായ ഡോക്ടർ ആണ് ഗിരിദാസ് എന്നും നന്ദകുമാർ പറഞ്ഞു.

തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി. വിജയൻ , പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, പ്രസിഡണ്ട് സതീഷ് മേനോൻ , എ.എ. കുമാരൻ, ശങ്കരൻകുളങ്ങര ദേവസ്വം പ്രസിഡണ്ട് പ്രശാന്ത്, വടക്കുംനാഥൻ ഉപദേശക സമിതി സെക്രട്ടറി ടി.ആർ. ഹരിഹരൻ, മേളപ്രമാണി ചെറുശ്ശേരി കുട്ടൻ മാരാർ, ആന ഉടമസ്ഥ ഫെഡറേഷൻ സെക്രട്ടറി കെ.മഹേഷ്, ശ്രീജിത്ത് വെളപ്പായ, കൗൺസിലർ പൂർണ്ണിമ സുരേഷ്, എൻ. പ്രസാദ് പൂരപ്രേമി സംഘം ഭാരവാഹികളായ അനിൽകുമാർ മോച്ചാട്ടിൽ, അരുൺ. പി.വി. എന്നിവർ പ്രസംഗിച്ചു. ഡോ.പി.ബി. ഗിരിദാസ് മറുപടി പറഞ്ഞു. കൺവീനർ വിനോദ് കണ്ടെംകാവിൽ സ്വാഗതവും പ്രസിഡണ്ട് ബൈജു താഴേക്കാട്ട് നന്ദിയും പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K