04 June, 2022 08:52:48 PM
മുൻ എംഎൽഎയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഓച്ചിറയിൽനിന്ന് കാറിൽ തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്നു. ഡ്രൈവർ മാത്രമാണ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വട്ടപ്പാറ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
2001 ൽ ചടയമംഗലത്തുനിന്ന് നിയമസഭാംഗമായി. ദീർഘകാലം മിൽമ ചെയർമാനായിരുന്നു. മിൽമയുടെ വളർച്ചയ്ക്കു വലിയ സംഭാവന നൽകിയ ഒരാളാണ് പ്രയാർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് സ്വീകരിച്ച ഒരാൾ കൂടിയാണ്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.