02 June, 2022 08:00:20 PM


സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപൊരി അന്തരിച്ചു



ഗുരുഗ്രാം: പ്രശസ്ത സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപൊരി അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയിലായിരുന്നു. 73 വയസായിരുന്നു. സന്തൂര്‍ വാദകന്‍ എന്നതിലുപരി ഒരേ സമയം സംഗീതജ്ഞനും, എഴുത്തുകാരനും കവിയുമെല്ലാമായിരുന്ന അദ്ദേഹം ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു. ദിവ്യനായ സന്തൂര്‍ വാദകന്‍ (സെയിന്റ് ഒഫ് സന്തൂര്‍) എന്നും തന്ത്രികളുടെ രാജാവ് എന്നുമൊക്കെ അദ്ദേഹത്തെ സംഗീത ലോകം വിശേഷിപ്പിച്ചിരുന്നു.

രാജ്യം 2004ല്‍ പദ്മശ്രീ നല്‍കി ആദരിച്ചു. സംഗീത നാടക അക്കാഡമി അവാര്‍ഡ് (1992) ജമ്മു കാശ്മീര്‍ ഗവണ്‍മെന്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, ജമ്മു കാശ്മീര്‍ ഗവണ്‍മെന്റ് സിവിലിയന്‍ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഒഡീഷ ഉത്കല്‍ സര്‍വകലാശാല അദ്ദേഹത്തിന് സാഹിത്യത്തിനുള്ള ഡോക്ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്. കാശ്മീരിലെ സോപോര്‍ താഴ്വരയില്‍ 1948 ല്‍ ജനിച്ച അദ്ദേഹം അഞ്ചാം വയസിലാണ് അരങ്ങേറ്റം നടത്തിയത്. കൂടാതെ ഈജിപ്ത്, ഇംഗ്ലണ്ട്, ജര്‍മ്മനി, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K