06 July, 2016 06:17:29 PM


ഫുട്ബോള്‍ താരം ലയണല്‍ മെസിക്കും പിതാവിനും തടവ് ശിക്ഷ



മാഡ്രിഡ്: ഫുട്ബോള്‍ താരം ലയണല്‍ മെസിക്ക് നികുതി വെട്ടിപ്പു കേസില്‍ തടവു ശിക്ഷ. ബാഴ്സലോണ താരവും പ്രമുഖ അര്‍ജന്റീനന്‍ താരവുമായ മെസിക്ക്  21 മാസത്തെ തടവു ശിക്ഷയാണ് ബാഴ്സലോണ കോടതി മെസിക്ക് വിധിച്ചിരിക്കുന്നത്. താരത്തിനൊപ്പം അദ്ദേഹത്തിന്റെ പിതാവ് ഹൊറാസിയോ മെസിയ്ക്കും കേസില്‍ 21 മാസത്തെ തടവു ശിക്ഷ ലഭിച്ചിട്ടുണ്ട്.


53 ലക്ഷം ഡോളര്‍ (ഏതാണ്ട് മുപ്പതു കോടിയോളം രൂപ) ഇരുവരും ചേര്‍ന്നു വെട്ടിച്ചതായാണ് നികുതി വകുപ്പ് പ്രോസിക്യൂഷന്റെ വാദം. 2006-09 കാലയളവില്‍ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവര്‍ സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ വിഭാഗം വക്താവ് വാദിച്ചു. ഇതിനുപുറമെ ഇരുവരും 20 ലക്ഷം യൂറോ പിഴയും ഒടുക്കണം. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റ് ഫൈനലിലെ തോല്‍വിയെത്തുടര്‍ന്ന് രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ച ലയണല്‍ മെസിയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി.


എന്നാല്‍ തടവു ശിക്ഷയില്‍ നിന്നും മെസിക്ക് രക്ഷപ്പെടാന്‍ കഴിയുമെന്നാണ് സൂചനകള്‍. തടവുശിക്ഷ രണ്ടു വര്‍ഷത്തില്‍ കുറവായതിനാല്‍ സ്പെയിനിലെ നിയമമനുസരിച്ച്‌ ഇരുവരും ജയിലില്‍ പോകേണ്ടി വരില്ലത്രേ. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുകയും ചെയ്യാം. നേരത്തെ ആരോപണങ്ങളെ തുടര്‍ന്ന് മെസിയുടെ പിതാവ് 50,16,542 യൂറോ -44 കോടിയോളം രൂപ സ്പെയിനിലെ നികുതി വകുപ്പില്‍ അടച്ചിരുന്നു. ഫുട്ബോള്‍ കളിക്കാരനായ തനിക്കു സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു ധാരണയില്ലെന്നും ഇക്കാര്യത്തില്‍ പിതാവിനേയും അഭിഭാഷകരേയും വിശ്വസിക്കുകയായിരുന്നെന്നും വിചാരണവേളയില്‍ മെസി കോടതിയില്‍ വ്യക്തമാക്കിയിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K