29 May, 2022 05:07:12 PM


വെസ്റ്റ് നൈല്‍ പനി: കൊതുക് നിവാരണവും ഉറവിടനശീകരണവും അനിവാര്യം - ആരോഗ്യമന്ത്രി



തൃശൂർ: വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല.

എങ്കിലും ജാഗ്രത പാലിക്കണം. കാലാവസ്ഥാ വ്യതിയാനം കാരണം പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനം നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കൊതുകിന്‍റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം.

പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വലിയിരുത്തി.

തൃശൂര്‍ ജില്ലയില്‍ വൈസ്റ്റ് നൈല്‍ രോഗബാധ സംശയിച്ചപ്പോള്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം രോഗിയുടെ പ്രദേശമായ കണ്ണറ സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. കൊതുകുജന്യ രോഗങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമാണെന്ന് കണ്ടെത്തിയതിനാല്‍ എല്ലാ ടീം അംഗങ്ങളും രോഗിയുടെ വീട്ടിലും പരിസരത്തും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

വെള്ളാനിക്കര സി.എച്ച്.സി.യിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ ഫീല്‍ഡ് വര്‍ക്ക്, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പനി സര്‍വേ, പ്രദേശത്ത് ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകള്‍ എന്നിവ നടത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K