28 May, 2022 02:08:25 PM


ഗുണ്ടുകാട് അനി വധകേസ്: ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്



തിരുവനന്തപുരം: ബാർട്ടൺഹില്ലിൽ ഓട്ടോ ഡ്രൈവർ ഗുണ്ടുകാട് അനി എന്ന അനിൽകുമാറിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം തടവ്. ഒന്നാം പ്രതി വിഷ്ണു എന്ന ജീവൻ, രണ്ടാം പ്രതി മനോജ് എന്നിവരെയാണ് ശിക്ഷിച്ചത്. വിഷ്ണുവിനെ 15 വർഷത്തേക്ക് ജയിലിന് പുറത്ത് വിടരുതെന്നും കോടതി ഉത്തരവിട്ടു. വിഷ്ണു 1.05 ലക്ഷം രൂപ പിഴയും ഒടുക്കണം. രണ്ടാം പ്രതി മനോജ് 40,000 രൂപ പിഴയൊടുക്കണം.

തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലാണ് ശിക്ഷ വിധിച്ചത്. ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിക്കുക എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. 2019 മാർച്ച്‌ 24 ന് രാത്രി 11 മണിക്കാണ് ബാർട്ടൺഹിൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഗുണ്ടുകാട് അനിയെ ബാർട്ടൺഹിൽ ലോ കോളേജ് ജംഗ്ഷനിൽ വച്ചു കൊലപ്പെടുത്തിയത്. പ്രതികൾക്ക് കൊല്ലപ്പെട്ട അനിയോടുള്ള വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കേസ്.

രണ്ടാം പ്രതി മനോജ്, മൂന്നാം പ്രതി മേരി രാജൻ, നാലാം പ്രതി രാജേഷ് എന്നീ മൂന്നു പ്രതികൾ ജാമ്യത്തിലാണ്. ഒന്നാം പ്രതി ജയിലിലാണ്. കഴിഞ്ഞ ദിവസം ജില്ലാ കോടതി ഇയാളുടെ ജാമ്യം തള്ളിയിരുന്നു. 96 സാക്ഷികൾ, 107 രേഖകൾ, 142 തൊണ്ടിവകകൾ എന്നിവ അടങ്ങിയ 500 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജി.സുനിൽ 118 ദിവസം കൊണ്ട് കോടതിയിൽ സമർപ്പിച്ചത്. മ്യൂസിയം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തപ്പോൾ കേസിൽ രണ്ട് പ്രതികളായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഒന്നാം പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച രണ്ടു പേരെ കൂടി അന്വേഷണ സംഘം പ്രതി ചേർത്തത്.

മൂന്നുതവണ മാറ്റിവെച്ച ശേഷമാണ് കേസിൽ വിധി പറഞ്ഞത്. ഗുണ്ടകളെ ഭയന്ന് സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ കേസിന്റെ വിധി കേള്‍ക്കാന്‍ മുൻപ് മൂന്നു തവണയും വഞ്ചിയൂര്‍ കോടതി പരിസരത്ത് പ്രതികളുടെ സംഘാംഗങ്ങളും കൊല്ലപ്പെട്ട അനിയുടെ സംഘവും കൂട്ടത്തോടെ എത്തിയിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ കോടതിയില്‍ പൊലീസ് സംവിധാനം ഒരുക്കിയിരുന്നില്ല. വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമാണ് കോടതിയിലുണ്ടായിരുന്നത്.

ഓപ്പറേഷന്‍ ബോള്‍ട്ടിന്റെ ഭാഗമായി ജയിലിലായിരുന്ന ജീവന്‍ ജയില്‍ മോചിതനായതിന്റെ അടുത്ത ദിവസമാണ് എതിര്‍ സംഘത്തിലെ അനിയെ വെട്ടി കൊലപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയ ദൃക്സാക്ഷികളടക്കം കൂറുമാറിയ ഒന്‍പത് പേര്‍ക്കെതിരേ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ വെമ്പായം എ എ ഹക്കീമാണ് കേസ് നേരിട്ട് നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K