05 July, 2016 01:57:42 AM


മുല്ലപ്പെരിയാര്‍ സമരനേതാവ് അണക്കെട്ട് കൈയേറി നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കാന്‍ ഉത്തരവ്




കട്ടപ്പന: ഇടുക്കി അണക്കെട്ടിന്‍െറ അതീവ സംരക്ഷിത മേഖലയിലെ അഞ്ചുരുളി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഗാന്ധിനഗറിന് സമീപം മുല്ലപ്പെരിയാര്‍ സമരസമിതി കേന്ദ്ര കമ്മിറ്റി അംഗം അനധികൃതമായി നിര്‍മിക്കുന്ന റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ കലക്ടറുടെ ഉത്തരവ്. റിസോര്‍ട്ടിന് ഒത്താശ ചെയ്തത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍.  


സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് ക്രിമിനല്‍ കേസെടുക്കാനും കലക്ടര്‍ ഡോ. എ. കൗശികന്‍ കാഞ്ചിയാര്‍ വില്ളേജ് ഓഫിസര്‍ സോജന്‍ പുന്നൂസിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സ്ഥലത്തത്തെി  സ്റ്റോപ് മെമ്മോ നല്‍കി. സംസ്ഥാന സര്‍ക്കാറിന്‍െറ ഭൂവിനിയോഗ നിയമപ്രകാരമാണ് അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്.


ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2403 അടിയിലത്തെുമ്പോള്‍ റിസോര്‍ട്ടിന്‍െറ അടിനിലയുടെ വരാന്ത വെള്ളത്തിലാകുന്ന രീതിയിലായിരുന്നു നിര്‍മാണം. ഡാമിന്‍െറ പരമാവധി ജലനിരപ്പിന്‍െറ 15 മീറ്ററിനുള്ളില്‍പെടുന്ന പ്രദേശം അതീവ സംരക്ഷിത മേഖലയാണ്. ഇവിടെ ഒരു നിര്‍മാണവും പാടില്ല. റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചതോടെ നിര്‍മാണം അനധികൃതമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവിടേക്ക് അനധികൃതമായി 11 കെ.വി ലൈന്‍ വലിച്ച് വൈദ്യുതി കണക്ഷന്‍ നല്‍കിയത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ്. മറ്റൊരു വ്യക്തിയുടെയോ വകുപ്പിന്‍െറയോ പരിധിയില്‍ കൂടി വൈദ്യുതി ലൈന്‍ വലിക്കാന്‍ നിയമപ്രകാരമുള്ള രേഖകള്‍ വൈദ്യുതി വകുപ്പ് വാങ്ങിയിട്ടുണ്ടോയെന്നും സംശയിക്കപെടുന്നുണ്ട്.


ഇടുക്കി ജലാശയത്തിന്‍െറ അതീവ സംരക്ഷിത മേഖലയില്‍ കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള 38244.2650 ഹെക്ടര്‍ ഭൂമിയുടെ വിസ്തൃതി കുറഞ്ഞിട്ടുണ്ട്. പല പ്രദേശങ്ങളിലായി 150 ഏക്കറിലധികം ഭൂമി വ്യക്തികള്‍ കൈയേറി. ഇതിനെതിരെ നടപടിയൊന്നുമില്ല. അഞ്ചുരുളി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍െറ മറവിലാണ് കൈയേറ്റം. ഏറെ അകലെയല്ലാതെ ഡാമില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ജലം മോഷ്ടിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണ് ബോര്‍ഡിന് ഓരോ വര്‍ഷവും നഷ്ടമാകുന്നത്.

ഇടുക്കി ജലാശയത്തിന്‍െറ അതീവ സംരക്ഷിത മേഖല കൈയേറി സ്വകാര്യ വ്യക്തി റിസോര്‍ട്ട് നിര്‍മിക്കുന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയറും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച ശേഷം കൈയേറ്റമാണെന്നും ഒഴിപ്പിക്കണമെന്നും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കാഞ്ചിയാര്‍ വില്ലേജ് ഓഫിസറും അനധികൃത നിര്‍മാണത്തിനെതിരെ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.


റിസോര്‍ട്ട് നിര്‍മിക്കുന്ന സ്ഥലം കെ.എസ്.ഇ.ബിയുടേതാണെന്ന് കാഞ്ചിയാര്‍ വില്ലേജ് ഓഫിസര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി ജലസംഭരണിയുടെ കരയോട് ചേര്‍ന്ന് 15 മീറ്ററിനുള്ളില്‍ അതീവ സംരക്ഷിത പ്രദേശത്താണ് നിര്‍മാണമെന്നും നാലുനിലകളുടെ നിര്‍മാണം പൂര്‍ത്തിയായി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിസോര്‍ട്ട് നിര്‍മാണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബോര്‍ഡ് അംഗം എസ്. രാജീവനോട് കെ.എസ്.ഇ.ബി ചെയര്‍മാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K