16 May, 2022 08:42:36 PM


പത്തനാപുരത്ത് സ്വകാര്യബാങ്കിൽ കവർച്ച: തറയിൽ മുടി വിതറിയശേഷം പൂജയും



കൊല്ലം: പത്തനാപുരത്ത് നഗരമധ്യത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ച. സ്വർണവും പണവും അപഹരിച്ചു. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം എന്ന പ്രാഥമിക കണക്ക്. പോലീസ് അന്വേഷണം ആരംഭിച്ചു. പത്തനാപുരം നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന പണമിടപാട് സ്ഥാപനത്തിൽ ആണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. 

ശനിയാഴ്ച ഉച്ചവരെ ബാങ്ക് പ്രവർത്തിച്ചിരുന്നു. ഞായറാഴ്ച അവധി കഴിഞ്ഞ് ബാങ്ക് ജീവനക്കാർ തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തിരുട്ടു ഗ്രാമത്തിൽ നിന്നുമുള്ളവര്‍ നടത്തിയ മോഷണം എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. തറയിൽ ബാർബർ ഷോപ്പിൽ നിന്നും ശേഖരിച്ച മുടി വിതറിയിട്ടുണ്ട്. ദൈവത്തിന്‍റെ ഫോട്ടോ വെച്ച് നാരങ്ങയും പൂവും ചന്ദനത്തിരിയും വച്ച് പൂജ നടത്തിയിട്ടുമുണ്ട്. 

തിരിട്ടു ഗ്രാമത്തിൽ നിന്നുള്ള മോഷ്ടാക്കളാണെന്ന പ്രതീതി ഉണ്ടാക്കിയിരിക്കുന്നത് അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം പത്തനാപുരത്ത് ശക്തമായ മഴയും വൈദ്യുതി മുടക്കവും ഉണ്ടായിരുന്നത് മോഷ്ടാക്കൾക്ക് സഹായകരമായി കാണുമെന്ന വിലയിരുത്തലിലാണ് പൊലീസ്. പുനലൂർ ഡിവൈഎസ്പി വിനോദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K